ലോകത്തിലാദ്യമായി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ശാസ്ത്രവിദ്യ ഉപയോഗിച്ച് കംഗാരു ഭ്രൂണത്തെ വികസിപ്പിച്ചെടുത്ത് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ. ഈ ചരിത്രപരമായ നേട്ടം കംഗാരുക്കൾ ഉൾപ്പെടെയുള്ള മാർസുപിയൽ വർഗങ്ങളുടെ വംശനാശത്തിന് തടയിടുമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു. മനുഷ്യരിലെ ഐവിഎഫ് ചികിത്സയിൽ ഉപയോഗിക്കുന്ന ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ (ഐസിഎസ്‌ഐ) വഴിയാണ് ആദ്യമായി ശസ്ത്രഞ്ജർ ഒരു കംഗാരു ഭ്രൂണം വികസിപ്പിച്ചെടുത്തത്.
ഐസിഎസ്‌ഐ വഴി ഒരു ബീജത്തെ ഒരു വളർച്ചയെത്തിയ അണ്ഡത്തിൽ നിക്ഷേപിക്കുകയും ഇതുവഴി ഇസ്‌റ്റേൺ ഗ്രെ ഇനത്തിൽ പെട്ട കംഗാരുവിന്റെ ഭ്രൂണത്തെ വികസിപ്പിക്കുകയുമായിരുന്നു. മാർസുപിയൽ ജീവികളുടെ സംരക്ഷണത്തിനുള്ള ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറുമെന്ന് ക്വീൻസ്ലാൻഡ് സർവകലാശാലയിലെ മുഖ്യ ഗവേഷകനായ ഡോ. ആൻഡ്രസ് ഗാംബിനി വ്യക്തമാക്കി.
ഭൂമിയിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന മാർസുപിയൽ ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഓസ്ട്രേലിയ. എന്നാൽ ഏറ്റവും ഉയർന്ന സസ്തനി വംശനാശ നിരക്കും ഇവിടെയാണ്. കോവാല, ടാസ്മാനിയൻ ഡെവിൾ, നോർത്തേൺ ഹെയർ-നോസ്ഡ് വോംബാറ്റ്, ലീഡ്ബീറ്റേഴ്സ് പോസംസ് തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന മാർസുപിയൽ ഇനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഡോ. ഗാംബിനി പറഞ്ഞു.
ഐസിഎസ്‌ഐ ഉപയോഗിച്ച് ഗവേഷണ സംഘം ഇതുവരെ, 20-ലധികം കംഗാരു ഭ്രൂണങ്ങൾ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വന്യജീവി ആശുപത്രികളിൽ അടുത്തിടെ ചത്ത കംഗാരുക്കളിൽ നിന്നാണ് ഗവേഷക സംഘം ബീജ, അണ്ഡകോശങ്ങൾ സംഘം ശേഖരിച്ചത്.
Discussion about this post