പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ച് അൽപ്പം കുറുമ്പും വാശിയുമൊക്കെ കാണിച്ച് തുള്ളിച്ചാടിനടക്കുന്നവരാണ് കുട്ടികൾ. ഒരുവീട് ഉണരാനും നമ്മുടെ മനസിലെ സങ്കടങ്ങൾ മാറാനും കുട്ടികളുടെ കളിചിരികൾ പലപ്പോഴും മരുന്നാവാറുണ്ട്. കുട്ടികളാണ് പഠിത്തത്തിൽ ശ്രദ്ധിച്ചാൽ മതി,മറ്റുകാര്യങ്ങളാലോചിച്ച് തല പുണ്ണാക്കേണ്ട എന്നൊക്കെ പലപ്പോഴും നാം ഉപദേശിക്കാറില്ലേ.കൗമാരക്കാരായ കുട്ടികളോടാണ് നമ്മൾ പലപ്പോഴും ഈ ഉപദേശം പറയാറുള്ളതല്ലേ..
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ബാല്യത്തെയും യൗവനത്തെയും ബന്ധിപ്പിക്കുന്ന പാലം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. ശാരീരിക പക്വതയോടൊപ്പം മാനസിക വൈകാരിക സാമൂഹിക പക്വതകൂടി ആർജിക്കേണ്ട കാലമാണിത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ ശേഷജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ചിന്താഗതിക്കും പെരുമാറ്റത്തിനും കാരണമാകും എന്ന വസ്തുത ഓർമിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ കൗമാരം എത്തും മുൻപേ നാം കുട്ടികൾക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചുനൽകുകയും അവരെ ചിലത് ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ചുറ്റുമുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും അനുകമ്പയോടെയും പെരുമാറാൻ കുട്ടികളെ ശീലിപ്പിക്കേണ്ടത് ഏഴ് വയസിന് മുൻപേ ആയാൽ അത്രയും നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.പ്ലീസ്, താങ്ക് യൂ എന്നീ രണ്ട് മാന്ത്രിക വാക്കുകൾ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നത് കുട്ടികൾക്ക് ഭാവിയിൽ വളരെയധികം ഗുണം ചെയ്യും. മറ്റുള്ളവരെ കേൾക്കാനും കാര്യങ്ങൾ പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കാനും പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. കുട്ടികൾ ഒരു കാര്യം പറയുമ്പോൾ അത് ശ്രദ്ധിച്ചു കേട്ട് വേണം കുട്ടികളിൽ ഇത്തരത്തിലുള്ള ശീലം വളർത്തിയെടുക്കാൻ. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കാനും ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും മറ്റുള്ളവരുടെ സംഭാഷണത്തിൽ അസ്വസ്ഥത ഉണ്ടായാൽ അങ്ങേയറ്റം മാന്യതയോടെ അത് പ്രകടിപ്പിക്കാനും കുട്ടികൾ ശീലിക്കണം.
സ്വകാര്യഭാഗങ്ങളെ കുറിച്ചും ബാഡ് ടച്ച് ഗുഡ് ടച്ച് എന്നിവയെ കുറിച്ചും കുട്ടികളെ വളരെ ചെറുപ്പത്തിൽതന്നെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. കളിപ്പാട്ടങ്ങളുമായി കളിച്ചതിന് ശേഷം അവ വൃത്തിയായി അടുക്കിപ്പെറുക്കി സൂക്ഷിക്കാൻ ശീലിപ്പിക്കുകയും ഭക്ഷണം കഴിച്ച് പാത്രം കഴുകിയാൽ അത് എടുത്ത് വയ്ക്കാനും,രാവിലെ എഴുന്നേറ്റാൽ ബെഡ് വിരിച്ചിടാനും നന്നേ ചെറുപ്പത്തിലെ പതുക്കെ ശീലിപ്പിക്കുന്നത് ഗുണം ചെയ്യും. ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യത ഉണ്ടെന്ന് കുട്ടികൾ മനസ്സിലാക്കണം. അത്തരത്തിൽ മുതിർന്നവരുടെയും കൂട്ടുകാരുടെയും സ്വകാര്യതയെ മാനിക്കാനും അവർ ശീലിക്കണം. കൂട്ടുകാരുമൊത്ത് കളിപ്പാട്ടങ്ങളും ഭക്ഷണങ്ങളും ഒക്കെ പങ്കുവെക്കാൻ കുട്ടികളെ പഠിപ്പിക്കാം.
Discussion about this post