മുംബൈ: വിവാഹം എന്നത് ഏതൊരാളെ സംബന്ധിച്ചും വലിയ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള ആദ്യ പടിയാണ് വിവാഹം. അതുകൊണ്ട് തന്നെ എല്ലാവരും വിവാഹം കഴിക്കാറുണ്ട്. ചിലർ പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ മറ്റ് ചിലർ അറേഞ്ച്ഡ് മാര്യേജിലൂടെയാണ് ജീവിത പങ്കാളിയുമായി ഒന്നിയ്ക്കുന്നത്.
വിവാഹത്തിന്, പ്രത്യേകിച്ച് വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹത്തിന് പല ഘടകങ്ങളും പരിഗണിക്കാറുണ്ട്. ജോലി, സൗന്ദര്യം, സ്വഭാവം എന്നിവ ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ്. എല്ലാം പരസ്പരം ഒത്തിണങ്ങിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ.
എന്നാൽ ചിലപ്പോഴെല്ലാം നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങൾ മുടങ്ങിപ്പോകാറുണ്ട്. പല കാരണങ്ങൾ കൊണ്ടായിരിക്കും ഇത് സംഭവിക്കുക. കല്യാണത്തിന്റെ അന്ന് വിവാഹം മുടങ്ങിപ്പോയെന്ന തരത്തിലുള്ള നിരവധി വാർത്തകൾ നാം കണ്ടുകാണും. ഇത്തരത്തിൽ മുടങ്ങിപ്പോയ ഒരു വിവാഹത്തിന്റെ വാർത്തയാണ് മാദ്ധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര മുർത്തിസാപൂരിൽ താമസിക്കുന്ന യുവാവിന്റെ വിവാഹം ആണ് മുടങ്ങിയത്. ഇതിനുള്ള കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ. യുവാവിന് സിബിൽ സ്‌കോർ പോരെന്ന് പറഞ്ഞായിരുന്നു വിവാഹം വേണ്ടെന്ന് വധുവിന്റെ വീട്ടുകാർ തീരുമാനിച്ചത്. സംഭവം ഇങ്ങനെ;
മുർത്തിസാപൂർ സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം വീട്ടുകാരാണ് പറഞ്ഞുറപ്പിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവാഹ നിശ്ചയം നടത്താനും തീരുമാനിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇരു വീട്ടുകാരും ക്ഷണിച്ചത് പ്രകാരം ഇരുവരുടെയും ബന്ധുക്കൾ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. യുവതിയുടെ അമ്മാവനും ചടങ്ങിനെത്തി.
ട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് ആയിരുന്നു അമ്മാവന് യുവാവിന്റെ സിബിൽ സ്‌കോർ പരിശോധിക്കാൻ തോന്നിയത്. ഇതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് യുവാവ് വിവിധ ബാങ്കുകളിൽ നിന്നായി ലോണുകൾ എടുത്തിരുന്നു. ഇതിന്റെ തവണകൾ പലപ്പോഴായി മുടങ്ങിയിട്ടുമുണ്ടായിരുന്നു. അതിനാൽ സിബിൽ സ്‌കോർ വളരെ കുറവായിട്ടായിരുന്നു കാണിച്ചിരുന്നത്. ഇക്കാര്യം അമ്മാവൻ പെൺകുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ഇത്രയും സാമ്പത്തിക ബാദ്ധ്യത അനുഭവിക്കുന്ന കുടുംബത്തിലേക്ക് മകളെ അയക്കാൻ കഴിയില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. വരന്റെ ബന്ധുക്കൾ പരമാവധി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വിവാഹം വേണ്ടെന്ന് ഇവർ തറപ്പിച്ച് പറയുകയായിരുന്നു. അങ്ങനെ വിവാഹം മുടങ്ങി.
Discussion about this post