amerവാഷിംഗ്ടൺ : യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ലിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും നീക്കം ചെയ്തവരിൽ ഉൾപ്പെടുന്നു.
നാല് വർഷം മുൻപ് ബൈഡൻ ഇതേ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പ്രതികാരമാണിതെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. എന്നാൽ ‘ജോ ബൈഡന് രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല. അതിനാൽ, ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ ഞങ്ങൾ ഉടൻ പിൻവലിക്കുകയും അദ്ദേഹത്തിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിംഗുകൾ നിർത്തുകയും ചെയ്യുന്നു എന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മുൻ പ്രസിഡന്റുമാർക്ക് നൽകുന്ന ദേശീയ സുരക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ തനിക്ക് ലഭിക്കുന്നത് ഇന്റലിജൻസ് കമ്മ്യൂണിറ്റിയോട് നിർത്താൻ ബൈഡൻ 2021-ൽ നിർദ്ദേശിച്ചിരുന്നു. ഈ മാതൃക സൃഷ്ടിച്ചത് അദ്ദേഹമാണ്. ‘ഹർ റിപ്പോർട്ട്’ പറയുന്നത് ബൈഡന് ‘ഓർമ്മപ്പിശകുണ്ടെന്നാണ്’. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭരണകാലത്ത് പോലും സെൻസിറ്റീവ് വിവരങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും പറയുന്നു. നമ്മുടെ ദേശീയ സുരക്ഷ താൻ എപ്പോഴും സംരക്ഷിക്കും. ജോ, നിങ്ങളെ പുറത്താക്കി. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ!’ അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ! എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Discussion about this post