ഒരു സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അത്ഭുതകരമായ അനുഭവമാണ് പ്രസവം. ഗർഭിണിയാവുന്നത് മുതൽ പ്രസവിക്കുന്ന കുറിച്ച് പലതരം ചിന്തകൾ ഒരു സ്ത്രീയുടെ മനസിലൂടെ കടന്നു പോവുന്നുണ്ടാകും. കടന്നു പോവുന്ന ഓരോ മാസവും ദിവസവും ഗർഭിണികളെ സംബന്ധിച്ച് ആശങ്കകൾ നിറഞ്ഞതായിരിക്കും.. മുതിർന്നവരുടെ പല തരത്തിലുള്ള ഉപദേശങ്ങൾ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്..
പൊതുവേ പണ്ട് കാലം മുതൽക്ക് തന്നെ എല്ലാവരും സാധാരണ പ്രസവം അഥവ സുഖ പ്രസവം (നോർമൽ ഡെലിവറി) ആണ് എല്ലാവരും നിർദേശിക്കുക. സുഖപ്രസവം നടക്കണമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മുതിർന്നവർ നിരവധി ഉപദേശങ്ങൾ നൽകാറുണ്ട്. എന്നാൽ, ഇന്നത്തെ കാലത്ത്, സുഖപ്രസവത്തേ പോലെ തന്നെ സിസേറിയനും വളരെ സാധാരണമായിത്തീർന്നിട്ടുണ്ട്. പൊതുവേ സുഖപ്രസവത്തെ കുറിച്ച് ധാരാളം മിഥ്യാധാരണകൾ നമുക്ക് ചുറ്റുമുണ്ട്..
ഇത്തരം മിഥ്യാധാരണകളെ പൊളിച്ചെഴുതുന്നതിലൂടെ, സ്ത്രീകൾക്ക് പ്രസവത്തെ കൂടുതൽ വ്യക്തവും യാഥാർത്ഥ്യബോധമുള്ളതുമായ കാഴ്ചപ്പാടോടെ സമീപിക്കാൻ കഴിയും. ഇത് ആരോഗ്യകരമായ പ്രസവാനുഭവത്തിലേക്ക് ഓരോ സ്ത്രീയെയും നയിക്കും.
പൂനെയിലെ ബാനറിലെ മണിപ്പാൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മുഗ്ധ ജോഷി, സാധാരണ പ്രസവങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്ന 7 മിഥ്യാധാരണകളെ കുറിച്ചുള്ള വ്യക്തത നൽകുന്നു…
1. യോനിയിലൂടെയുള്ള പ്രസവം അഥവ നോർമൽ ഡെലിവറി പ്രൊലാപ്സിന് (അവയവത്തിന്റെ സ്ഥാനമാറ്റത്തിന്) കാരണമാകും
വൈദ്യശാസ്ത്രപരമായി ശരീരത്തിലെ ഒരു അവയവത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നതിനെയാണ് പ്രോലാപ്‌സ് എന്ന് പറയുന്നത്. നോർമൽ ഡെലിവറി പെൽവിക് അവയവത്തിന്റെ സ്ഥാനമാറ്റത്തിന് കാരണമാകുമെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. പ്രസവം പ്രോലാപ്സിന്റെ സാധ്യത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നത് സത്യമാണ്. എന്നാൽ, സി സെക്ഷൻ അഥവ സിസേറിയൻ ഒരിക്കലും ഈ പ്രോലാപ്സിനെ തടയുന്നതിനുള്ള ഒരു ഓപ്ഷനല്ല. പകരം, കെഗൽസ് പോലുള്ള പതിവ് പെൽവിക് ഫ്‌ലോർ വ്യായാമങ്ങൾ ചെയ്യുന്നത് പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
2.
സുഖപ്രസവ സമയത്ത് ഉപയോഗിക്കുന്ന വാക്വം കപ്പുകളും ഫോഴ്സെപ്സും അപകടകരമാണ്
നോർമൽ സമയത്ത്, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളാണ് വാക്വം കപ്പ്, ഫോർസെപ്‌സ് എന്നിവ. പൊതുവേ പ്രസവ സമയത്ത്, എന്തെങ്കിലും എന്തെങ്കിലും അസുഖമുള്ള സ്ത്രീകൾക്ക്, ബിപിയോ, ഹുദയ സംബന്ധമായ അസുഖങ്ങളോ ഉള്ള സ്ത്രീക്ക് അവർക്ക് കൂടുതൽ ശക്തി നൽകാൻ കഴിയില്ല. കൂടുതൽ സമയമെടുത്തുള്ള പ്രസവമാണെങ്കിൽ, സ്ത്രീ ക്ഷീണിച്ചുപോവാൻ സാധ്യതയുണ്ട്. ആ സാഹചര്യങ്ങളിലും അവർക്ക് സ്‌ട്രെയിൻ ചെയ്യാൻ കഴിയാതെ വരുമ്പോൾ, പ്രസവ പ്രക്രിയയിൽ സഹായിക്കുന്നതിനാണ് ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. പ്രസവ സമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിലും പ്രസവം വേഗത്തിലാക്കാനായി ഇവ ഉപയോഗിക്കാറുണ്ട്.
ഫോഴ്സ്പ്സ് അല്ലെങ്കിൽ വാക്വം ഡെലിവറികൾ ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, ഒരു വൈദഗ്ധ്യമുള്ള പ്രസവചികിത്സകനാണ് ഇത് ചെയ്യുന്നതെങ്കിൽ അവ സുരക്ഷിതമാണ്. അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യത കുറയ്ക്കുന്നതിനാണ് ഈ രീതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, ചില നിബന്ധനകൾ പാലിച്ച് മാത്രമേ ഇത്തരം ഉപകരണങ്ങൾ ഡോക്ടർമാർ ഉപയോഗിക്കാറുള്ളൂ…
3: പ്രസവവേദന അസഹനീയമാണ്
പ്രസവവേദന അസഹനീയമാണെന്നും അത് താങ്ങാൻ കഴിയില്ലെന്നും കരുതി തന്നെ മനപ്പൂർവം സിസേറിയൻ തിരഞ്ഞെടുക്കുന്ന അമ്മമാരുണ്ട്. ടെലിവിഷൻ ഷോകളിലോ സിനിമകളിലോ സീരിയലുകളിലോ എല്ലാം പ്രസവവേദന ചിത്രീകരിക്കുന്നതിൽ നിന്നും മറ്റ് പലരുടെ വിശദീകരണത്തിൽ നിന്നുമെല്ലാമാണ് ഈ ആശങ്ക ഉണ്ടാകുന്നത്. എന്നിരുന്നാലും, ഓരോ സ്ത്രീയുടെയും വേദനയുടെ സഹിഷ്ണുതയെ അടിസ്ഥാനമാക്കി പ്രസവവേദന വ്യത്യാസപ്പെടാം. കൂടാതെ, ആധുനിക വൈദ്യശാസ്ത്രം എപ്പിഡ്യൂറൽ, ശ്വസന രീതികൾ പോലുള്ള വേദന നിയന്ത്രണ ഓപ്ഷനുകൾ സാധ്യമാക്കിയിട്ടുണ്ട്. അതിനാൽ സാധാരണ പ്രസവം കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. പ്രസവസമയത്ത് തങ്ങൾക്കറിയാത്ത ശക്തി തങ്ങൾക്കുണ്ടെന്ന് പല സ്ത്രീകളും കണ്ടെത്തുന്നു.
4: യോനിയിലൂടെയുള്ള പ്രസവത്തേക്കാൾ സി-സെക്ഷന് വേദന കുറവാണ്
ഗർഭിണിയായ സ്ത്രീക്ക് അനസ്‌തേഷ്യ നൽകുന്നതിനാൽ സി-സെക്ഷൻ സാധാരണ പ്രസവത്തേക്കാൾ എളുപ്പമുള്ള ഒരു ഓപ്ഷനാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, സത്യാവസ്ഥ എന്തെന്നാൽ, സി സെക്ഷനിൽ, പ്രസവ സമയത്ത് വലിയ വേദനയുണ്ടാക്കുന്നില്ലെങ്കിലും, സി-സെക്ഷന് ശേഷമുള്ള വീണ്ടെടുക്കൽ കാലയളവ് സാധാരണ പ്രസവത്തേക്കാൾ കൂടുതൽ വേദനാജനകവും കൂടുതൽ സമയമെടുക്കുന്നതുമാണ്. കൂടാതെ, ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകളോളം ഒരു സ്ത്രീയുടെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെട്ടേക്കാം.
5: സുഖപ്രസവം ലൈംഗിക ശേഷിക്കുറവിന് കാരണമാകും
സുഖപ്രസവം അഥവ യോനിയിലൂടെയുള്ള പ്രസവം ലൈംഗിക ശേഷിക്കുറവിന് കാരണമാകുമെന്ന ഒരു പൊതു മിഥ്യ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, ഒരു കുഞ്ഞിന് ജന്മം നൽകിയതിനുശേഷം അവരുടെ ലൈംഗിക ജീവിതം മെച്ചപ്പെട്ടതായി പല സ്ത്രീകളും ശ്രദ്ധിച്ചിട്ടുണ്ട്.
6: ഇരട്ടകളാണെങ്കിൽ നോർമൽ ഡെലിവറി സാധ്യമല്ല
ഒരു സ്ത്രീയുുടെ ഗർഭപാത്രത്തിനുള്ളിലുള്ളത് ഇരട്ടകളാണെങ്കിൽ നോർമൽ ഡെലിവറി സാധ്യമല്ലെന്നത് മിഥ്യധാരണ മാത്രമാണ്. കാരണം, ഇരട്ടകളുടെ ജനനങ്ങളിൽ ഭൂരിഭാഗവും യോനിയിലൂടെയുള്ള പ്രസവങ്ങളാണ്. വാസ്തവത്തിൽ, ഇരട്ട ഗർഭധാരണങ്ങളിൽ പകുതിയോളം സ്വാഭാവിക പ്രസവ രീതികളിലൂടെയാണ് നടന്നിട്ടുള്ളത്.
7: സ്വാഭാവിക പ്രസവം കൂടുതൽ അപകടകരമാണ്
സി-സെക്ഷനുകളേക്കാൾ അപകടസാധ്യത യോനിയിലൂടെയുള്ള പ്രസവമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, ഇത് തികച്ചും വളരെ വലിയൊരു തെറ്റിദ്ധാരണ മാത്രമാണ്. സ്വാഭാവിക പ്രസവങ്ങൾ പൊതുവെ കുറഞ്ഞ അപകടസാധ്യതയുള്ളതും വളരെ വിജയകരവുമാണ്.
തെറ്റിദ്ധാരണകളിൽ വിശ്വസിക്കുന്നത് എല്ലായ്‌പ്പോഴും ഉയർന്ന അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. അതിനാൽ പ്രസവത്തെക്കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഡോക്ടർമാരെയും പ്രസവചികിത്സകരെയും സമീപിക്കേണ്ടതാണ്.
Discussion about this post