കെയ്റോ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ തീരുമാനത്തിനെതിരെ പ്രതിഷേധസ്വരമുയർത്തി അറബ് രാജ്യങ്ങൾ. ട്രംപിനെതിരായ കരു നീക്കങ്ങളുമായി വിവിധ അറബ് രാജ്യങ്ങൾ ചേർന്ന് അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിന് തീരുമാനമായി. ഫെബ്രുവരി 27ന് ഈജിപ്തിൽ വച്ചാണ് അടിയന്തര അറബ് ഉച്ചകോടി നടക്കുക. ഗാസ മുനമ്പിനെ ഏറ്റെടുത്ത് ഒരു കടൽത്തീര നഗരമായി പുനർനിർമിക്കും എന്നുള്ള അമേരിക്കൻ പ്രസിഡന്റിന്റെ അഭിപ്രായമാണ് അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ഗാസയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈജിപ്തും ജോർദാനും അടക്കമുള്ള രാജ്യങ്ങൾ ഗാസയിലെ ജനങ്ങളെ ഏറ്റെടുക്കണം എന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. ട്രംപിന്റെ ഈ നിർദ്ദേശത്തെ പ്രാദേശികമായും ആഗോളമായും അപലപിച്ച ശേഷമാണ് അറബ് രാജ്യങ്ങൾ ഇപ്പോൾ അടിയന്തര ഉച്ചകോടിയിലേക്ക് നീങ്ങുന്നത്. ഗാസ ഇപ്പോൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു ട്രംപ് ഏതാനും ദിവസങ്ങൾക്കു മുൻപ് വ്യക്തമാക്കിയിരുന്നത്. മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി ഗാസയിൽ ഇപ്പോൾ അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾക്കടിയിൽ ബോംബുകൾ കുഴിച്ചിട്ടിരിക്കാൻ സാധ്യതയുണ്ട്. സ്ഫോടനങ്ങൾ സംഭവിക്കാത്ത സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള മറഞ്ഞു കിടക്കുന്ന സ്ഫോടവസ്തുക്കൾ ഉണ്ടായിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ അമേരിക്ക ഗാസ ഏറ്റെടുത്ത് മുഴുവൻ പ്രദേശവും നിരപ്പാക്കുമെന്നും തുടർന്ന് ഇവിടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ആണ് ട്രംപ് പറഞ്ഞത് . തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ ഗാസ മുനമ്പിനെ ഒരു കടലോര സുഖവാസ കേന്ദ്രമാക്കി മാറ്റാമെന്നും പശ്ചിമേഷ്യയ്ക്ക് ഇത് വികസനത്തിന്റെയും തൊഴിലുകളുടെയും ഒരു പുതിയ അവസരം ഒരുക്കി തരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ട്രംപിന്റെ ഈ അഭിപ്രായത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള മധ്യ പൂര്‍വേഷ്യൻ രാജ്യങ്ങൾ കടുത്ത എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ ഗുരുതരമായ സാഹചര്യം പരിഹരിക്കുന്നതിനായി പലസ്തീൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾക്കിടയിൽ നടന്ന വിപുലമായ ഉന്നതതല കൂടിയാലോചനകളെ തുടർന്നാണ് ഇപ്പോൾ ഈജിപ്തിൽ വച്ച് അടിയന്തര അറബ് ഉച്ചകോടി നടത്താനായി തീരുമാനിച്ചിരിക്കുന്നത്. പലസ്തീനുമായി ബന്ധപ്പെട്ട പുതിയ എല്ലാ സംഭവവികാസങ്ങളെ കുറിച്ചും അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി ആവിഷ്കരിക്കേണ്ട പദ്ധതികളെക്കുറിച്ചും അടിയന്തര അറബ് ഉച്ചകോടിയിൽ ചർച്ചചെയ്യണമെന്നാണ് മധ്യപൂർവേഷ്യൻ രാജ്യങ്ങൾ വ്യക്തമാക്കുന്നത്.
ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, നിലവിലെ പലസ്തീൻ പ്രതിസന്ധിയിൽ ഒരു ഏകീകൃത അറബ് നിലപാട് രൂപപ്പെടുത്തുന്നതിനും ഗാസയിലെ രക്തച്ചൊരിച്ചിൽ തടയുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനും ആണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. മാനുഷിക സഹായം, വെടിനിർത്തൽ ചർച്ചകൾ, പ്രാദേശിക സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ എന്നിവയിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്ത്രപരമായ സഹകരണം, പ്രാദേശിക സുരക്ഷ, ഗാസയെക്കുറിച്ചുള്ള യുഎസ് നയ പ്രസ്താവനകളെക്കുറിച്ചുള്ള ഈജിപ്തിന്റെ ആശങ്കകൾ എന്നിവയുൾപ്പെടെ യുഎസ്-ഈജിപ്ത് ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തും. ഗാസയിൽ നിന്ന് പലസ്തീനികളെ ബലമായി മാറ്റിപ്പാർപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഈജിപ്ഷ്യൻ സർക്കാർ എതിർക്കും എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിർബന്ധിത കുടിയിറക്കം അസ്വീകാര്യവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് ഈജിപ്ത് ചൂണ്ടിക്കാട്ടുന്നു. പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമാക്കി മാറ്റുക എന്നുള്ളതിന് ഈജിപ്ത് പ്രതിബദ്ധരായിരിക്കും എന്നും ഈജിപ്ഷ്യൻ സർക്കാർ വ്യക്തമാക്കി.
Discussion about this post