തിരുവനന്തപുരം: ആർസി ബുക്ക് കയ്യിൽ കരുതാത്തതിനെ തുടർന്ന് പണി കിട്ടിയവർ ആയിരിക്കും ഭൂരിഭാഗം പേരും. ലൈസൻസ് കയ്യിൽ കരുതുമെങ്കിലും ആർസി ബുക്ക് ആരും കൊണ്ട് നടക്കാറില്ല എന്നതാണ് വസ്തുത. വാഹന പരിശോധനയ്ക്കിടെ ആർസി ബുക്ക് കൈവശം ഇല്ലെങ്കിൽ ഭീകമായ പിഴയായിരിക്കും നമ്മളിൽ നിന്നും മോട്ടോർ വാഹനവകുപ്പ് ഈടാക്കുക.
ആദ്യ കാലങ്ങളിൽ പേപ്പർ ബുക്ക് ആയിട്ടായിരുന്നു ആർസി ബുക്ക് ലഭിച്ചിരുന്നത്. അലക്ഷ്യമായി ഉപയോഗിച്ചാൽ ഇത് വേഗം നശിച്ചുപോകും എന്നതിനാൽ ഇവ എല്ലാവരും വീട്ടിൽ സുരക്ഷിതമായി വയ്ക്കാറാണ് പതിവ്. നിലവിൽ ലാമിനേറ്റ് ചെയ്ത വലിയ ആർസി ബുക്കുകൾ ആണ് വാഹന ഉടമകൾക്ക് ലഭിക്കുന്നത്. എന്നാൽ ഇതും ഭൂരിഭാഗം പേരും കയ്യിൽ കരുതാറില്ല.
എന്നാൽ ഇനി മുതൽ ആർസി ബുക്ക് കയ്യിൽ കരുതിയില്ലെങ്കിലും പ്രശ്‌നമില്ല. മൊബൈൽ ഫോണിൽ ആർസി ബുക്ക് കൊണ്ട് നടക്കാം. കേരളത്തിൽ അടുത്ത മാസം മുതൽ ആർസി ബുക്കുകൾ ഡിജിറ്റൽ ആകുകയാണ്. വാഹന ഉടമകൾക്ക് ഇനി വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആർസിബുക്ക് ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാം.
മാർച്ച് 1 മുതലാണ് കേരളത്തിൽ ആർസി ബുക്കുകൾ ഡിജിറ്റൽ ആകുന്നത്. ഗതാഗത കമ്മീഷണർ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ആളുകൾക്ക് ഇനി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആർസി ബുക്കുകൾ പരിവാഹൻ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.
ഡിജിറ്റലൈസേഷന് മുന്നോടിയായി എല്ലാ ഉടമകളും ആർസി ബുക്കുകളും ഫോൺ നമ്പറുമായി ബന്ധിപ്പിക്കണം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങിയവർ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. സ്വന്തം നിലയ്‌ക്കോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇത് ചെയ്യാം.
നേരത്തെ സംസ്ഥാനത്ത് പോസ്റ്റൽ വഴിയാണ് ആർസി ബുക്കുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. ചിലപ്പോഴെല്ലാം ആർസി ബുക്കിനായുള്ള കാത്തിരുപ്പ് മാസങ്ങൾ നീണ്ടേക്കാം. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഏജൻസി ഉപഭോക്താവിന്റെ വിവരം ഓൺലൈൻ ആയി മോട്ടോർവാഹന വകുപ്പിന് നൽകണം. എല്ലാ രേഖകളും കൃത്യമായാൽ ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ആർസി ബുക്ക് പരിവാഹൻ സൈറ്റിൽ നിന്നും ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യാം. വാഹന പരിശോധനയ്ക്കിടെ ഈ ആർസി ബുക്ക് മൊബൈൽ ഫോണിൽ നിന്നും ധൈര്യമായി ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുക്കാം.
സംസ്ഥാനത്ത് നേരത്തെ ലൈസൻസ് ഡിജിറ്റൽ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർസി ബുക്കും ഡിജിറ്റൽ ആക്കുന്നത്. ലൈസൻസ് ടെസ്റ്റിൽ വിജയിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റൽ വഴി ആയിരുന്നു നേരത്തെ ലൈസൻസ് ലഭിച്ചിരുന്നത്. ഡിജിറ്റൽ ആയതോടെ ഇപ്പോൾ ലൈസൻസ് അതിവേഗം ആളുകളിലേക്ക് എത്തിത്തുടങ്ങി.
Discussion about this post