ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ, ദേശീയ തലസ്ഥാനത്തിനായി 100 ദിവസത്തെ കർമ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി ബിജെപി. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിലും മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഓടകൾ വൃത്തിയാക്കുന്നതിലുമായിരിക്കും കർമ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക.
പുതിയ ബിജെപി സർക്കാരിന്റെ വീക്ഷിത് ഡൽഹി സങ്കൽപ്പ് പത്ര 2025 ന് അനുസൃതമായി കർമ്മ പദ്ധതി തയ്യാറാക്കാൻ ബുധനാഴ്ച നടന്ന യോഗത്തിന് ശേഷം, ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര എല്ലാ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. 15 ദിവസത്തിനുള്ളിൽ, മാസം തോറും, 100 ദിവസത്തിനുള്ളിൽ എന്നിങ്ങനെ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങളിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദേശം.
ആക്ഷൻ പ്ലാൻ അനുസരിച്ച്, താഴ്ന്ന വരുമാനക്കാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു കാബിനറ്റ് നോട്ട് തയ്യാറാക്കാൻ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ട് തടയുന്നതിനുള്ള ആവശ്യമായ നടപടികൾ ഉൾപ്പെടെ, അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനും മണ്ണിടിച്ചിൽ തടയുന്നതിനുമായി മറ്റൊരു റിപ്പോർട്ട് കൂടി തയ്യാറാക്കാൻ നിർദേശമുണ്ട്. എല്ലാ വകുപ്പുകളും ഇന്ന് അവരുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
അതേസമ്യയം, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുക. ദേശീയ തലസ്ഥാനത്തെ അടുത്ത സർക്കാരിനെ നയിക്കുന്നത് ആരാണ് എന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ന്യൂഡൽഹി സീറ്റിൽ കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയാണ് ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള മുഖങ്ങളുടെ പട്ടികയിൽ മുന്നിൽ. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച മുതിർന്ന ബിജെപി നേതാവ് വിജേന്ദർ ഗുപ്ത, മുമ്പ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച പ്രധാന ബ്രാഹ്‌മണ മുഖമായ സതീഷ് ഉപാധ്യായ, കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഡൽഹി ബിജെപി ജനറൽ സെക്രട്ടറി ആശിഷ് സൂദ്, വൈശ്യ സമുദായത്തിൽ നിന്നുള്ള ശക്തമായ ആർഎസ്എസ് കൈയായ ജിതേന്ദ്ര മഹാജൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, മറ്റ് നേതാക്കൾ എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും സർക്കാർ രൂപീകരണത്തെയും കുറിച്ച് അവർ ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡലൽഹിയെ പിടിച്ചെടുത്തത്. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്. ഒരു പതിറ്റാണ്ടായി നഗരം ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ നേടാൻ കഴിഞ്ഞു. അതേസമയം പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾ പരാജയപ്പെട്ടു.
Discussion about this post