കോട്ടയം : ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാൾ .
നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സിപിഎം സംഘടനയാണ് കെജിഎസ്എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുൽ . ഈയിടെ രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പോസ്റ്റ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. പോസ്റ്റിൽ സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ ഇയാൾ പങ്കുവച്ചിട്ടുണ്ട്. രാഹുൽ രാജ് കോമ്രേഡ്’ എന്നാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര് .
അതേസമയം റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ക്രൂരമായി ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയർ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിച്ചിട്ട് അട്ടഹസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർത്ഥി കട്ടിലിൽ കിടക്കുന്നത്. ശരീരമാസകലം പൊട്ടിയിട്ടുണ്ട്. അതിലേക്ക് ലോഷൻ പുരട്ടുന്നതും കാണാം. ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. വൺ, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡർ കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട് .
കേസിലെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സിങ് കോളേജിലെ ജനറൽ നഴ്‌സിങ് സീനിയർ വിദ്യാർത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ 18 മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ വിദ്യാർത്ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച മദ്യപാനരംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്കു മുൻപ് പീഡനം തുടങ്ങുന്നത്. തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർത്ഥി വീട്ടിൽ അറിയിച്ചതും പോലീസിൽ പരാതി നൽകിയതും.
Discussion about this post