ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ വീണ്ടും ഇടപെട്ട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. പാകിസ്താൻ സന്ദർശനത്തിനിടെയാണ് എർദോഗൻ വീണ്ടും കശ്മീർ പ്രശ്നം ഉന്നയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചയിലൂടെയാണ് കശ്മീർ പ്രശ്നം പരിഹരിക്കേണ്ടതെന്നാണ് തുർക്കി പ്രസിഡന്റ് ഇന്ന് പാകിസ്താനിൽ വച്ച് അഭിപ്രായപ്പെട്ടത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് തുർക്കി പ്രസിഡണ്ട് പാകിസ്താനിൽ എത്തിയിരിക്കുന്നത്.
തുർക്കി പ്രസിഡന്റ് എല്ലാ വർഷവും ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കാറുണ്ട്. കശ്മീരി ജനതയുടെ പ്രതീക്ഷകൾ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ സംഭാഷണത്തിലൂടെ കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് തുർക്കി ശക്തമായ പിന്തുണ നൽകുന്നത് തുടരും എന്നും ഇന്നത്തെ പാക് സന്ദർശനത്തിൽ എർദോഗൻ ഷഹബാസ് ഷെരീഫിനോട് അറിയിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള നേരിട്ടുള്ള ചർച്ചകൾക്കും പ്രതിനിധി സംഘ ചർച്ചകൾക്കും ശേഷമാണ് എർദോഗൻ കശ്മീരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്.
എർദോഗന്റെ പാക് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 24 കരാറുകളിലും ഒരു ധാരണാപത്രത്തിലും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും എർദോഗൻ പാകിസ്താന് വാഗ്ദാനം ചെയ്തു. 2023-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട് പ്രകാരം, പാകിസ്താന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് തുർക്കി. പാകിസ്താന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 11 ശതമാനവും തുർക്കിയിൽ നിന്നുമാണ്. തുർക്കി പ്രസിഡന്റിന്റെ ഈ സന്ദർശന വേളയിൽ, തുർക്കിയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ KAAN വാങ്ങാൻ എർദോഗൻ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തുർക്കി പ്രസിഡന്റിന്റെ രണ്ടാമത്തെ വീടാണ് പാകിസ്താൻ എന്നും അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഇവിടെ വന്നത് അതിശയകരമാണെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും പാകിസ്താനോടൊപ്പം നിന്നതിന് അദ്ദേഹം തുർക്കിക്ക് നന്ദി അറിയിക്കുകയും ചെയ്തു. 5 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കൽ, വ്യാപാരം, ഊർജ്ജം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം എന്നിവ ലക്ഷ്യമിട്ടാണ് എർദോഗന്റെ പാകിസ്താൻ സന്ദർശനം.
Discussion about this post