ന്യൂഡൽഹി: ആറ് വർഷം മുൻപ് പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടി സൈനികർ ചെയ്ത ജീവത്യാഗം വരും തലമുറകളോളം ഓർത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി 14 ന് ആയിരുന്നു പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്.
2019 ൽ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ധീരതയ്ക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. രാഷ്ട്രത്തോടുള്ള ഇവരുടെ സ്‌നേഹവും ജീവത്യാഗവും വരും തലമുറ വിസ്മരിക്കില്ല- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അമിത് ഷാ പറഞ്ഞു. മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാഗമായി പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദം. ഈ ലോകം തന്നെ ഭീകരവാദത്തിന് എതിരാണ്. ഭീകരവാദത്തോട് പൂർണമായ അസഹിഷ്ണുതയാണ് സർക്കാരിന് ഉള്ളത്. സർജിക്കൽ സ്‌ട്രൈക്കുകളിലൂടെയും വ്യോമാക്രമണത്തിലൂടെയും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എന്നും അമിത് ഷാ വ്യക്തമാക്കി.
പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ആറ് വർഷം മുൻപ് ഈ ദിനത്തിൽ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി എത്തിയ ഭീകരൻ ഈ വാഹനം സൈനിക വാഹനവ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു.
ഇതേ തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് 40 സൈനികർക്ക് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 350 കിലോ ഗ്രാം സ്‌ഫോടക വസ്തു നിറച്ച കാർ ആയിരുന്നു ഭീകരൻ ഓടിച്ചുകയറ്റിയത്. ഇയാളും ആക്രമണത്തിൽ മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ മുഹമ്മദ് രംഗത്ത് എത്തുകയായിരുന്നു.
പുൽവാമ ആക്രമണം ഉണ്ടായി 12ാമത്തെ ദിവസം ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി പാകിസ്താന് നൽകി. പാകിസ്താനിലെ ബലാക്കോട്ടിലുള്ള ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ മിന്നലാക്രമണം നടത്തി ഇന്ത്യൻ സൈന്യം തകർക്കുകയായിരുന്നു.
Discussion about this post