മുംബൈ : ന്യൂ ഇന്ത്യ സഹകരണ ബാങ്കിന് നിയന്ത്രണം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ആറുമാസത്തേക്ക് ആണ് നടപടി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് ആണ് ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്ക്. റിസർവ് ബാങ്കിന്റെ നടപടി വാർത്തയായ പശ്ചാത്തലത്തിൽ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വലിയ വരി തന്നെ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ റിസർവ്ബാങ്ക് നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആർക്കും പണം പിൻവലിക്കാൻ കഴിയില്ല എന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി ഉയർന്നുവന്ന പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി വഴിവിട്ട നടപടികൾ കണ്ടെത്തിയതിന് തുടർന്നാണ് റിസർവ് ബാങ്കിന്റെ ഈ കടുത്ത നടപടി. വായ്പകൾ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യുന്നതിൽ നിന്നും, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും, നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും, ബാധ്യതകൾക്ക് പണം നൽകുന്നതിൽ നിന്നും അല്ലെങ്കിൽ ആസ്തികൾ വിൽക്കുന്നതിൽ നിന്നും ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്കിനെ ആർബിഐ വിലക്കിയിട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ സഹകരണ ബാങ്കിന് രാജ്യത്ത് ഉടനീളമായി 26 ശാഖകളാണ് ഉള്ളത്. ബാങ്കിന്റെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ആർബിഐ റെഗുലേറ്റർ വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കിന്റെ നിലവിലെ ധനസ്ഥിതി ഏറ്റവും മോശം സാഹചര്യത്തിലാണെന്നും ബാങ്കിന്റെ നിരവധി പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ആർബിഐ അറിയിക്കുന്നു. യോഗ്യരായ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) വഴി 5 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാമെന്ന് ആർബിഐ സർക്കുലറിൽ അറിയിക്കുന്നുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ഡിഐസിജിസി ഓഫ് ഇന്ത്യയിൽ ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ അത് സുരക്ഷിതമാണെന്നും മൂന്നുമാസത്തിനുള്ളിൽ പിൻവലിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നുമാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.
ആർബിഐ നടപടിയെത്തുടർന്ന്, വെള്ളിയാഴ്ച മുംബൈയിലെ അന്ധേരിയിലെ വിജയനഗർ ശാഖയ്ക്ക് പുറത്ത് അക്കൗണ്ട് ഉടമകളുടെ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഉപഭോക്താക്കൾക്ക് എപ്പോൾ പണം ലഭിക്കുമെന്ന് അറിയാതെ ആശയക്കുഴപ്പമുണ്ട്. ബാങ്ക് തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്നും അതിന്റെ ഉപഭോക്തൃ പിന്തുണാ സേവനങ്ങളും ആപ്പുകളും പോലും പ്രവർത്തിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ബാങ്കിന് പുറത്ത് തടിച്ചുകൂടിയവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണ്. പണം പിൻവലിക്കാൻ കഴിയില്ലെങ്കിലും ബാങ്കിൽ ലോക്കറുകൾ ഉള്ളവർക്ക് അത് തുറക്കാനായി ബാങ്ക് അനുമതി നൽകിയിട്ടുണ്ട് എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
Discussion about this post