ഇന്ത്യ -യുഎസ് തമ്മിലുള്ള ചർച്ചയിൽ പുതിയ സൂത്രവാക്യം അവതരിപ്പിച്ചിരിക്കുകയാണ് മോദി. മാഗ+ മിഗ= മെഗാ എന്ന . സൂത്രവാക്യവുമായാണ് മോദി രംഗത്തെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
എന്താണ് ഈ വാക്യങ്ങളുടെ അർത്ഥം ?
‘മാഗ’ എന്നാൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നാണ് (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) . ‘മിഗ’ എന്നാൽ ‘മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ’ എന്നാണ്. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയിൽ പറഞ്ഞാൽ ഇതു മിഗ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും എന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 129.2 ബില്യൺ ഡോളറാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറായി ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും പ്രഖ്യാപിച്ചു. വികസനം, ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളിൽ സംയുക്തമായി 2 രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നും മോദി പറഞ്ഞു.
‘പ്രധാനമന്ത്രി മോദി ഒരു മികച്ച നേതാവാണ്’ എന്ന് പറഞ്ഞുകൊണ്ട് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. മോദി ഇന്ത്യയ്ക്കായി വലിയ കാര്യങ്ങൾ ചെയ്യുന്നു, മികച്ച നേതാവാണ്, ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് ട്രംപ് പറയുന്നത്. ട്രംപ് തന്റെ പുസ്തകം ‘ഓവർ ജേണി ടുഗെദർ’ നൽകി, മോദിയെ ‘മഹാനാണ്’ എന്നും വിശേഷിപ്പിച്ചു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പ് ഉക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി സംഘർഷങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി. ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമല്ല . രാജ്യം സമാധാനത്തിന്റെ പക്ഷത്താണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തിൽ ഒരിക്കലും ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല. എല്ലാ സമാധാന സംരംഭങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു, യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സംരംഭത്തെയും പിന്തുണയ്ക്കുന്നു എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post