ശരീരത്തിന് പ്രത്യേകിച്ച് വലിയ ഉപകാരമൊന്നും ഇല്ലാത്ത ഒരു ചെറിയ അവയവം, പക്ഷേ മുട്ടൻ പണി തരാൻ ഈ കുഞ്ഞൻ തന്നെ ധാരാളമാണ്. അതാണ് നമ്മുടെ ശരീരത്തിലെ ഒരു കുഞ്ഞൻ അവയവമായ അപ്പെൻഡിക്സ്. ചെറുകുടലിന്റെയും വൻകുടലിന്റെയും സന്ധിയിൽ സ്ഥിതി ചെയ്യുന്ന ശരീരത്തിലെ ഒരു ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ശരീരത്തിന് ഇത് ഒരു പ്രാധാന്യവുമില്ലാത്ത അവയവം ആണെങ്കിലും അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഗുരുതരമായ പ്രശ്നമായി മാറുന്നതാണ്.
അപ്പെൻഡിക്സിൽ വീക്കം സംഭവിക്കുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യുന്ന ഒരു അവസ്ഥയാണ് അപ്പെൻഡിസൈറ്റിസ്.
അപ്പെൻഡിസൈറ്റിസ് ഗുരുതരമായ കേസുകളിൽ, അപ്പെൻഡിക്സ് പൊട്ടിത്തെറിക്കുകയും അണുബാധ വയറിലുടനീളം വ്യാപിക്കുകയും ചെയ്യും. ഈ അവസ്ഥ മാരകമായേക്കാം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഈ രോഗം കൂടുതലും 10 നും 30 നും ഇടയിൽ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രായമായവരിലും അപ്പെൻഡിസൈറ്റിസ് കേസുകൾ വ്യാപകമാകുന്നുണ്ട് എന്നാണ് മെഡിക്കൽ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊക്കിളിനടുത്ത് ആരംഭിച്ച് വയറിന്റെ വലതുവശത്തേക്ക് പതുക്കെ താഴേക്ക് നീങ്ങുന്ന കടുത്ത വയറുവേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ ലക്ഷണം. നാഭിയോട് ചേർന്ന് ആയിരിക്കും വേദന ആദ്യം ആരംഭിക്കുന്നത്. പിന്നീട് ക്രമേണ വയറിന്റെ വലതുവശത്തേക്ക് നീങ്ങുകയും ചെയ്യും. ഇതിനുപുറമെ, വിശപ്പില്ലായ്മ, ഛർദ്ദി, പനി, ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും അപ്പെൻഡിസൈറ്റിസ് ഉണ്ടാക്കുന്നു.
കുടലിന്റെ അവസാന ഭാഗമാണ് അപ്പെൻഡിക്സ്. ഇത് വീർക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴോ ആണ് അപ്പെൻഡിസൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി മലമൂത്ര വിസർജനങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങളോ, മലദ്വാരത്തിനോടോ മറ്റോ ചേർന്ന് ഉണ്ടാകുന്ന അണുബാധകളോ എല്ലാമാണ് അപ്പെൻഡിസൈറ്റിസിന് കാരണമാകുന്നത്. ചിലപ്പോൾ കുടലിലെ വീക്കം, അണുബാധ അല്ലെങ്കിൽ കാൻസർ എന്നിവയും അപ്പെൻഡിക്‌സിനെ ബാധിച്ചേക്കാം. ഇതിനുപുറമെ, ഭക്ഷണത്തിലെ നാരുകളുടെ അഭാവവും ജനിതക പ്രശ്നങ്ങളും അപ്പെൻഡിസൈറ്റിസിന് കാരണമാകാം.
അപ്പെൻഡിസൈറ്റിസ് പൂർണ്ണമായും തടയുന്നത് ബുദ്ധിമുട്ടാണെങ്കിലും ചില മുൻ കരുതലുകൾ സ്വീകരിക്കുന്നതിലൂടെ അത് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ഇതിന് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. ദഹനം സുഗമമാക്കുന്നതിനും മലബന്ധം ഇല്ലാതെയാക്കുന്നതിനും ഭക്ഷണത്തിൽ ധാരാളം നാരുകൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതിനായി പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ ധാരാളമായി കഴിക്കുകയും അതോടൊപ്പം തന്നെ ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അപ്പെൻഡിക്സിൽ തടസ്സമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി വ്യായാമം ചെയ്യുന്നത് വഴി കുടലിന്റെ ചലനം നിലനിർത്താൻ സഹായിക്കുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിലും ശ്രദ്ധ നൽകേണ്ടതാണ്. കൂടാതെ വയറിലോ കുടലുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള അണുബാധകളോ വേദനകളോ ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സഹായം തേടേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post