ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് നാടുകടത്തിയാൽ ജയിലിൽ അടയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന .
2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട 10 ഭീകരരിൽ ഒരാളാണ് അജ്മൽ കസബ്. ഈ ഭീകരനെ മുംബൈയിലെ കൂട്ടക്കൊല നടന്ന സ്ഥലങ്ങളിൽ ഒന്നിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കിടെ നാല് വർഷത്തോളം മഹാരാഷ്ട്രയിലെ ജയിലുകളിൽ കഴിഞ്ഞ കസബ് 2012 ൽ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ടു.
റാണയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടത്തിയ പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി നന്ദി പറഞ്ഞു. റാണയെ നാടുകടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ അഗാധമായി നന്ദി പറയുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ, നമുക്കെതിരെ ഗൂഢാലോചന നടത്തിയ ഭീകരനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചു, എന്ന് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്ക ആദ്യം മടികാണിച്ചിരുന്നു. അദ്ദേഹത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ മുൻകൈ കാരണം കേസിലെ പ്രധാന പ്രതിയെ ഇന്ത്യയിലേക്ക് കൈമാറാൻ അമേരിക്കയും പ്രസിഡന്റ് ട്രംപും അനുമതി നൽകുകയായിരുന്നു. ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം കുറ്റവാളികൾക്ക് നമ്മുടെ നീതിന്യായ, നിയമ പ്രക്രിയയിലൂടെ ശിക്ഷ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്,’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ലെ മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിൽ കഴിയുന്ന റാണയെ കൈമാറാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ധാരണയായത്. ലോകമെമ്പാടുമുള്ള തീവ്ര ഇസ്ലാമിക ഭീകരതയുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയും യുഎസും മുമ്പൊരിക്കലുമില്ലാത്തവിധം ഒരുമിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഇതിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. കൈമാറൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി ട്രംപിന് നന്ദി പറയുകയും ഭീകരതയ്ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
Discussion about this post