ടെലികോം മേഖല അടക്കിവാണിരുന്ന സ്വകാര്യ ടെലികോം കമ്പനികൾ ഉയർത്തിയ കടുത്ത മത്സരങ്ങൾക്കിടയിലും ഉയിർത്തെഴുന്നേറ്റ് ലാഭത്തിലേക്ക് കുതിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 17 വർഷത്തിന് ശേഷമാണ് പൊതുമേഖല ടെലികോം കമ്പനിയുടെ ഈ ചരിത്ര നേട്ടം. 262 കോടിരൂപയാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം. 2007ന് ശേഷം ആദ്യമായാണ് കമ്പനി ഒരു പാദത്തിൽ ലാഭം രേഖപ്പെടുത്തുന്നത്. ഇത് നിർണായകമായ വഴിത്തിരിവാണെന്ന് വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കമ്പനിയുടെ സേവനങ്ങൾ വികസിപ്പിച്ചതും, ചിലവുകൾ ചുരുക്കിയതും, ഉപയോക്താക്കളുടെ എണ്ണം വർധിച്ചതുമാണ് നേട്ടമായതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 2019ൽ നഷ്ടമെല്ലാം നികത്തി, പ്രവർത്തനം മെച്ചപ്പെടുത്തൽ ബിഎസ്എൻഎല്ലിന് കേന്ദ്രസർക്കാർ 3.22 ലക്ഷം കോടി രൂപയുടെ പാക്കേജ് ഏർപ്പെടുത്തിയിരുന്നു. ഇത് വലിയ തോതിലാണ് കമ്പനിയുടെ വളർച്ചയ്ക്ക് സഹായകമായതെന്നാണ് വിലയിരുത്തൽ. 4ജി സേവനം വിപുലീകരിക്കാനായി ബിഎസ്എൻഎല്ലിന് 6,000 കോടി രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നെറ്റ്വർക്ക് ശൃംഖല മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും ഉപഭോക്താക്കളെ ആകർഷിക്കാനായതാണ് ബി.എസ്.എൻ.എല്ലിന് ലാഭം നേടാൻ അവസരമൊരുക്കിയതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ വരുമാനം ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം നഷ്ടം 1,800 കോടി രൂപയ്ക്കടുത്ത് കുറയ്ക്കാനായെന്നും റോബർട്ട് രവി പറയുന്നു.
മാറ്റത്തിന്റെ നാളുകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎല്ലിന് അവകാശപ്പെടാൻ ഉണ്ടായിരുന്നത്. 2024 ജൂണിൽ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നത് 2024 ഡിസംബറിൽ 9 കോടിയായി വർദ്ധിച്ചു.മൊബിലിറ്റി, ഫൈബർ ടു ദി ഹോം ,ലീസ്ഡ് ലൈൻ സർവീസുകൾ എന്നിവയിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 14-18% വളർച്ചയാണുണ്ടായത്. എല്ലാ ചെലവുകളും കുറച്ചത്, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 1,800 കോടി രൂപയിലധികം നഷ്ടം കുറയ്ക്കാൻ സഹായകമായി. കമ്പനിയുടെ EBITDA (Earnings Before Interest, Taxes, Depreciation, and Amortization) കഴിഞ്ഞ നാല് വർഷ കാലയളവിൽ 4 മടങ്ങ് വർധിച്ച് 2024 സാമ്പത്തിക വർഷത്തിൽ 2,100 കോടി രൂപയായി മാറി.
എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. നിലവിൽ 4ജി സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടിസിഎസിന്റെ സഹകരണത്തോടെ ഒരു ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയിലാണ് കമ്പനി. ഇതോടൊപ്പം തന്നെ 5ജിയും അവതരിപ്പിക്കാനാണ് ശ്രമം.
Discussion about this post