ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026 ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയം കടന്നുകൂടിയതാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും, ഇത് അവരുടെ രാജ്യത്തെ കളിക്കാരുടെ കരിയറിനെയാണ് ബാധിക്കുകയെന്നും അദ്ദേഹം തുറന്നടിച്ചു.
ബംഗ്ലാദേശ് ഉന്നയിക്കുന്ന സുരക്ഷാ ഭീഷണികളെ തിവാരി പൂർണ്ണമായും തള്ളി. പശ്ചിമ ബംഗാൾ കായിക മന്ത്രി കൂടിയായ അദ്ദേഹം റായ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശ് സ്പോർട്സ് മന്ത്രാലയമാണ് ഈ തീരുമാനമെടുത്തതെന്നും ക്രിക്കറ്റ് ബോർഡിന് ഇതിൽ വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ കായിക മന്ത്രാലയം കളിയിൽ ഇടപെടുന്നത് ദൗർഭാഗ്യകരമാണ്.
“ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നമ്മുടെ രാജ്യത്ത് അഭയം തേടിയെത്തിയിട്ട് അവർ ഇവിടെ സുരക്ഷിതയല്ലേ? ഒരു പ്രധാനമന്ത്രിക്ക് സുരക്ഷ നൽകാൻ കഴിയുന്ന രാജ്യത്ത് കളിക്കാർക്ക് സുരക്ഷ ലഭിക്കില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല” തിവാരി ചൂണ്ടിക്കാട്ടി.
“ലോകകപ്പ് കളിക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. ഇത്തരം രാഷ്ട്രീയ തീരുമാനങ്ങൾ കാരണം നഷ്ടം സംഭവിക്കുന്നത് രാജ്യത്തിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന താരങ്ങൾക്കാണ്. ഇത് പച്ചയായ രാഷ്ട്രീയമാണ്.” അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് റിലീസ് ചെയ്യാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് തീരുമാനിച്ചത്. എന്നാൽ ഐസിസി ഈ ആവശ്യം തള്ളുകയും ബംഗ്ലാദേശ് വന്നില്ലെങ്കിൽ അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.











Discussion about this post