ന്യൂഡൽഹി: ഇന്ത്യയിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് മൂല്യമുള്ള ഇ- മാലിന്യമാണെന്ന് വ്യക്തമാക്കി റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടൻസിന്റെ റിപ്പോർട്ട്. ഇ- മാലിന്യങ്ങളിൽ നിന്നും ലോഹം വേർതിരിച്ചെടുക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം രാജ്യത്തിന് ഉണ്ടാക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നായി കണക്കാക്കാവുന്നവയാണ് ഇ- മാലിന്യം.
ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഇ- മാലിന്യ ഉത്പാദകരാണ് ഇന്ത്യ എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കോടികൾ വിലമതിയ്ക്കുന്ന ഇ – മാലിന്യങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഇവയിൽ നിന്നും ലോഹം വേർതിരിക്കുന്നതിലൂടെ 52,000 കോടി രൂരയായിരിക്കും രാജ്യത്തിന് ലഭിക്കുക. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കരുത്തേകും. നഗരവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് ഇ മാലിന്യങ്ങളുടെ അളവിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2014 ൽ രണ്ട് മെട്രിക് ടൺ ആയിരുന്നു ഇന്ത്യയിലെ ഇ മാലിന്യത്തിന്റെ തോത്. എന്നാൽ 10 വർഷങ്ങൾക്കിപ്പുറം 2024 ൽ ഇത് 3.8 മില്യൺ മെട്രിക് ടണായി ഉയർന്നു. വീടുകളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുമാണ ഈ മാലിന്യങ്ങളുടെ ഏറിയ പങ്കും പുറന്തള്ളുന്നത്. ആകെയുള്ളതിന്റെ 70 ശതമാനത്തോളം വരും ഇത്. ഇവയെല്ലാം കൃത്യമായി സംസ്‌കരിച്ചാൽ വലിയ നേട്ടം ഉണ്ടാക്കാം. നിലവിൽ ഇ മാലിന്യത്തിന്റെ 16 ശതമാനം മാത്രമാണ് സംസ്‌കരിക്കപ്പെടുന്നത്.
രാജ്യത്തെ ഇ മാലിന്യങ്ങളിൽ വലിയ തോത് വീടുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് എന്ത് ചെയ്യണം എന്ന് അറിയാത്തതിനെ തുടർന്ന് ആളുകൾ സൂക്ഷിച്ചിരിക്കുന്നത്. മൂല്യം അറിയാതെ മാലിന്യക്കൂമ്പാരങ്ങളിൽ ഇ മാലിന്യങ്ങൾ വലിച്ചെറിയുന്നവരും ധാരാളമാണ്.
ഇ മാലിന്യത്തിന്റെ അളവിൽ ഒന്നാം സ്ഥാനം ചൈനയ്ക്കും, രണ്ടാം സ്ഥാനം അമേരിക്കയ്ക്കുമാണ്. ഇത് പ്രയോജനപ്പെടുത്തി ഇരു രാജ്യങ്ങളും വലിയ തോതിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും.
പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ചെറുതായിരിക്കുന്നു. എന്നാൽ ഇത് ഇ മാലിന്യങ്ങളുടെ പുറന്തള്ളൽ വർദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post