ന്യൂഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് എത്തുന്നത്. ഫെബ്രുവരി 17-18 തീയതികളിൽ ആണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുക. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അമീറിന്റെ സന്ദർശനം നിർണായകമാകും. ഊർജ മേഖല ഉൾപ്പെടെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും വലിയ പങ്കാളികളാണ്. മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച കോടതിവിധി റദ്ദാക്കിയ ഭരണാധികാരി കൂടിയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി.
ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നേരത്തെ 2015 മാർച്ചിൽ ആയിരുന്നു അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഭരണാധികാരി കൂടിയാണ് ഖത്തർ അമീർ. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തുന്ന അദ്ദേഹത്തിനോടൊപ്പം മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും. ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഖത്തർ അമീർ കാണും. ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവനിൽ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും. രാഷ്ട്രപതി ഒരുക്കുന്ന പ്രത്യേക വിരുന്നിലും അദ്ദേഹം പങ്കാളിയാകും.
സമീപ വർഷങ്ങളിൽ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണക്കാരാണ് ഖത്തർ. ഇന്ത്യയുടെ ആഗോള എൽഎൻജി ഇറക്കുമതിയുടെ 48% ത്തിലധികവും ഖത്തറിൽ നിന്നുമാണ് . 2022-23 സാമ്പത്തിക വർഷത്തിൽ ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 18.77 ബില്യൺ യുഎസ് ഡോളറായിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യൻ പ്രവാസികൾ ആണ്.
ഈ മാസം ആദ്യം ഇന്ത്യൻ ഊർജ്ജ വാരത്തിന്റെ ഭാഗമായി ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ-കാബി ഇന്ത്യ സന്ദർശിച്ചിരുന്നു . ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം തന്റെ സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഖത്തർ ഭരണാധികാരി ഇന്ത്യയിലേക്ക് എത്തുന്നത്.
Discussion about this post