ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ വമ്പൻ പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും വീണ്ടും വലിയ തലവേദന സൃഷ്ടിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഡൽഹിയിലെ മുനിസിപ്പൽ ഭരണവും ആം ആദ്മി പാർട്ടിക്ക് നഷ്ടപ്പെട്ടേക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ. ആം ആദ്മി പാർട്ടി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുന്നതാണ് മുനിസിപ്പൽ ഭരണത്തിൽ ആപ്പിന് തിരിച്ചടിയായിരിക്കുന്ന പ്രധാന ഘടകം. ഇന്ന് മൂന്ന് ആം ആദ്മി പാർട്ടി കൗൺസിലർമാർ ആണ് ബിജെപിയിൽ ചേർന്നത്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ അടുത്ത് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൗൺസിലർമാരുടെ ഈ പാർട്ടി മാറ്റം എന്നുള്ളതും ശ്രദ്ധേയമാണ്. ആൻഡ്രൂസ് ഗഞ്ചിൽ നിന്നുള്ള അനിത ബസോയ, ഹരി നഗറിൽ നിന്നുള്ള നിഖിൽ ചപ്രാന, ആർകെ പുരത്തിൽ നിന്നുള്ള ധരംവീർ സിംഗ് എന്നീ കൗൺസിലർമാരാണ് ശനിയാഴ്ച ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ ആണ് ഈ കൗൺസിലർമാരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ട്രിപ്പിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കുമെന്നും വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. വൈകാതെ തന്നെ ഡൽഹിയും മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നടക്കും. കോർപ്പറേഷനിലെ വിവിധ കൗൺസിലർമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് തുടർന്ന് ഒഴിവ് വന്നിരിക്കുന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹി കോർപ്പറേഷനിലെ 12 വാർഡുകളിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ ഉണ്ടാകും എന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും ബിജെപി തരംഗം മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ഉണ്ടായാൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക.
ഡൽഹി നിവാസികളുടെ എക്കാലത്തെയും സ്വപ്നമായ വികസിത ഡൽഹി എന്ന ആശയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത് എന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ ഇന്ന് വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ കഴിഞ്ഞ 10 വർഷമായി മുടങ്ങിക്കിടക്കുന്ന എല്ലാ വികസന പദ്ധതികളും ബിജെപി സർക്കാർ പൂർത്തീകരിക്കും. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിന്റെ ആശയക്കുഴപ്പവും അഴിമതിയും കണ്ട് വലഞ്ഞിരിക്കുകയാണ് ഡൽഹി ജനത. ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നതോടെ വലിയ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുമെന്നും വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി. അതേസമയം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിയുമായി ഒരു സഖ്യവും ഉണ്ടാകില്ലെന്ന് ഡൽഹിയിലെ കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post