ലഖ്‌നൗ : മൂന്നാമത് കാശി-തമിഴ് സംഗമത്തിന് ഉത്തർപ്രദേശിൽ തുടക്കമായി. ഉത്തർപ്രദേശിലെ വാരണാസിയിൽ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ മന്ത്രാലയ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരാണ് കാശി തമിഴ് സംഗമത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. 2022 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാശി-തമിഴ് സംഗമത്തിന് തുടക്കമിട്ടത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ പരിപാടി നടക്കുന്നത്.
തമിഴ്‌നാടിനും വാരണാസിക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധം ആഘോഷിക്കുന്നതിനും, പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ കാശി-തമിഴ് സംഗമം നടത്തിവരുന്നത്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതിനും 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിനുമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കാശി-തമിഴ് സംഗമത്തിന് തുടക്കം കുറിച്ചിരുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്നാം കാശി തമിഴ് സംഗമത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ നടക്കുന്ന ഈ അവസരം കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. തമിഴ്‌നാടിനും കാശിക്കും ഇടയിലും, കാവേരിക്കും ഗംഗയ്ക്കും ഇടയിലും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ശാശ്വത ബന്ധമാണ് ഉള്ളത് എന്നും മോദി വ്യക്തമാക്കി.
“നീരെല്ലാം ഗംഗൈ, നിലമെല്ലാം കാശി” എന്ന പാണ്ഡ്യ രാജാവായ പരാക്രമ പാണ്ഡ്യന്റെ ഒരു തമിഴ് വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ശ്രീ ധർമ്മേന്ദ്ര പ്രധാൻ മൂന്നാം കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. അതുപോലെ തന്നെ ഇന്ത്യയുടെ പുരാതന ജ്ഞാനത്തിന്റെയും സാഹിത്യ മഹത്വത്തിന്റെയും കാതലായ ദേശമാണ് തമിഴ്നാട്. വടക്കേ ഇന്ത്യയുടെയും തെക്കേ ഇന്ത്യയുടെയും ഉദാത്തമായ പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് കാശി തമിഴ് സംഗമം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കാശി-തമിഴ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു. ഇത്തരമൊരു സാംസ്കാരിക സമ്പന്നമായ പരിപാടി വിഭാവനം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവർ കാശു സന്ദർശിക്കാൻ എത്തുന്നത് പോലെ തന്നെ കാശിയിൽ നിന്നുള്ളവർ രാമേശ്വരം സന്ദർശിക്കാനും വലിയ രീതിയിൽ എത്തുന്നതായി സംഗമത്തിൽ വച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹ മന്ത്രിയായ എൽ മുരുകൻ വ്യക്തമാക്കി. കാശിയും തമിഴ്നാടും തമ്മിലുള്ള ബന്ധം 5,000 വർഷത്തിലേറെ നീണ്ടുനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാമായണം, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിലും കുറുഞ്ഞി തിണൈ, എട്ടുതോഗൈ, കലിതോഗൈ തുടങ്ങിയ സംഘ സാഹിത്യങ്ങളിലും ഈ പരാമർശങ്ങളുണ്ട്. ലോകമെമ്പാടും തമിഴ് ഭാഷയുടെയും തിരുക്കുറലിന്റെയും മഹത്വം പ്രചരിപ്പിച്ചതിന് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും എല്‍ മുരുകൻ അറിയിച്ചു.
Discussion about this post