തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. വിദേശരാജ്യങ്ങളുടെ മെട്രോ ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ രണ്ട് വർഷം മുൻപാണ് രാജ്യവ്യാപകമായി സർവ്വീസ് ആരംഭിച്ചത്. ഇതേ മാതൃകയിൽ ചെറിയ പാസഞ്ചർ തീവണ്ടികളായ നമോ ഭാരത് ട്രെയിനുകളും ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ റെയിൽവേ.
കെ- റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള കേരളത്തിന്റെ തിടുക്കപ്പെട്ടുള്ള നീക്കത്തിനിടെ ആയിരുന്നു അതിവേഗ തീവണ്ടിയായ വന്ദേഭാരതിന്റെ വരവ്. ഇത് കേരള സർക്കാരിന്റെ കെ.റെയിൽ എന്ന സ്വപ്‌നത്തിന് കനത്ത തിരിച്ചടി ആയിരുന്നു. ഇതോടെ വന്ദേഭാരതിനെ ഇകഴ്ത്താനുള്ള ശ്രമം ചിലർ ആരംഭിച്ചു.
ടിക്കറ്റ് നിരക്ക് ആയിരുന്നു ഇതിൽ ആദ്യം ഉയർത്തിക്കാട്ടിയത്. ഭീമമായ ടിക്കറ്റ് നിരക്കിനെ തുടർന്ന് അതിവേഗം ജനം വന്ദേഭാരത് ട്രെയിനുകളെ കൈവിടും എന്നായിരുന്നു ആക്ഷേപം. എന്നാൽ ആദ്യ ട്രെയിൻ സർവ്വീസിന് തന്നെ വലിയ സ്വീകാര്യത ആയിരുന്നു കേരളത്തിൽ ലഭിച്ചത്.
തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേയ്ക്ക് ആയിരുന്നു വന്ദേഭാരത് ആദ്യ സർവ്വീസ് ആരംഭിച്ചത്. പിന്നാലെ തിരുവനന്തപുരം- മംഗലാപുരം, കൊച്ചി- ബംഗളൂരു സർവ്വീസുകൾ ആരംഭിച്ചു. കേരളത്തിലെ ജനങ്ങളുടെ നിരന്തമായ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സർവ്വീസ് ആരംഭിച്ചത്.
വിമർശനങ്ങളെയെല്ലം കാറ്റിൽ പറത്തി വലിയ സ്വീകാര്യത നേടി വന്ദേഭാരത് സർവ്വീസ് കേരളത്തിന്റെ ട്രാക്കുകളിൽ വന്ദേഭാരത് കുതിയ്ക്കുകയാണ്. ഓരോ സർവ്വീസിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിന് പരിഹാരം കാണാൻ വന്ദേഭാരത് കോച്ചുകളുടെ എണ്ണം ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ.
തിരുവനന്തപുരം- മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളാണ് വർദ്ധിപ്പിക്കുന്നത്. നിലവിൽ എട്ട് കോച്ചുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് ഉള്ളത്. ഇത് 20 ആക്കി ഉയർത്താനാണ് തീരുമാനം. ഇപ്പോൾ 512 സീറ്റിംഗ് കപ്പാസിറ്റി എന്ന നിലയ്ക്കാണ് വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. പുതിയ കോച്ചുകൾ വരുന്നതോട് കൂടി 1336 സീറ്റുകൾ തീവണ്ടിയ്ക്ക് ഉണ്ടാകും. ഇതോടെ തിരക്ക് വലിയ ആശ്വാസം ആകും ഉണ്ടാകുക. ഇത് മാത്രവുമല്ല യാത്രികരുടെ എണ്ണം വർദ്ധിക്കുന്നത് വരുമാനവും ഉയർത്തും.
നേരത്തെ തിരക്കിനെ തുടർന്ന് കാസർകോട് നിന്നും തിരുവനന്തപുരംവരെ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണവും തിരക്കിനെ തുടർന്ന് വർദ്ധിപ്പിച്ചിരുന്നു. 16 കോച്ചുകൾ 20 കോച്ചുകൾ ആക്കിയായിരുന്നു ഉയർത്തിയത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മംഗലാപുരം ട്രെയിനിന്റെ കോച്ചുകളും ഉയർത്തുന്നത്.
Discussion about this post