നീണ്ട കാത്തിരിപ്പ്……കാത്തിരുന്നത് ഒന്നോ രണ്ടോ മാസമല്ലാ,.. എട്ട് മാസമാണ്… വെറും എട്ട് ദിവസത്തിന്റെ ദൗത്യത്തിനായാണ് നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ അവിടെ പെട്ടു പോവുകയായിരുന്നു. ഇപ്പോഴിതാ അന്താരാഷട്ര നിലയത്തിൽ കുടുങ്ങി കിടന്ന സുനിത വില്യംസും ബുച്ച് വിൽമേറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മാസം മാർച്ച് 19 ന് കാത്തിരിപ്പിന് വിരാമമിട്ട് ഇരുവരും ഭൂമിയിൽ മടങ്ങിയെത്തും.
ഇതിനായി സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാർച്ച് 12ന് സ്‌പേസ് എക്‌സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാർച്ച് 19ന് അവർ ഭൂമി തോടും. 8 ദിവസത്തിനായി പോയവർ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ മൂലം ബഹിരാകാശത്ത് പെട്ടുപോവുകയായിരുന്നു. പലതവണ മടങ്ങി വരവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ മാറ്റി വയ്ക്കുകയായിരുന്നു. അങ്ങനെ ഇന്ന് നാളെ എന്ന് പറഞ്ഞ് ഐഎസ്എസിൽ എട്ട് മാസമായി കഴിയുകയാണ് ഇരുവരും.
ഇവരെ മടങ്ങിയെത്തിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് സ്‌പേസ് എക്‌സിൻറെ ഡ്രാഗൺ ക്യാപ്സൂളിനാണ് . ഇതിനായി ക്രൂ-10 ദൗത്യസംഘവുമായി ഡ്രാഗൺ ക്യാപ്‌സൂൾ മാർച്ച് 12ന് സ്‌പേസ് എക്‌സ് വിക്ഷേപിക്കും.
മൂന്ന് ബഹിരാകാശ യാത്രികരെയാണ് ക്രൂ-10 ദൗത്യത്തിൽ നാസ അയക്കുന്നത്. നാസയുടെ ആൻ മക്ലൈൻ, നിക്കോൾ എയേർസ്, ജപ്പാൻ എയ്റോസ്‌പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെ തക്കൂയ ഒനിഷി, റോസ്‌കോസ്മോസിൻറെ കിരിൽ പെർസോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ഇവർ നിലയത്തിലെത്തിയുള്ള ഒരാഴ്ചക്കാലം ചുമതലകളുടെ കൈമാറ്റങ്ങൾക്കുള്ള സമയമാണ്. നിലവിൽ സ്‌പേസ് സ്റ്റേഷൻറെ കമാൻഡറായ സുനിത വില്യംസ് ക്രൂ-10 ദൗത്യത്തിൽ വരുന്ന പുതിയ കമാൻഡർക്ക് ഐഎസ്എസിൻറെ ചുമതല കൈമാറും. ഇതിന് ശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഡ്രാഗൺ പേടകത്തിൽ മാർച്ച് 19ന് ഭൂമിയിലേക്ക് അൺഡോക്ക് ചെയ്യുക.
കഴിഞ്ഞ മാസം സ്പേസ് എക്സ് സിഇഒ എലോൺ മസ്‌കിനോട് വിൽമോറിനെയും വില്യംസിനെയും ‘എത്രയും വേഗം’ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള ഈ തീരുമാനങ്ങൾ.
എട്ട് മാസത്തിലധികമായി ഭൂമിയെ മറന്നുള്ള ജീവിതം ഇരുവരുടെയും മാനസികശാരീരിക ആരോഗ്യത്തെ നന്നായി ബാധിച്ചിരിക്കും. അതിനാൽ തന്നെ ഭൂമിയിലെത്തിയാൽ ഗുരുത്വാകർഷണത്തോട് പൊരുത്തപ്പെടുക എന്നത് വലിയ വെല്ലുവിളിയാണ്. എട്ട് മാസത്തിലധികം മൈക്രോഗ്രാവിറ്റിയിൽ പാറിപ്പറന്ന് ജീവിച്ചവർക്ക് കാര്യമായ ശാരീരികമാറ്റങ്ങളാണ് ഭൂമിയിലെത്തുമ്പോൾ ഉണ്ടാവുക. മാസങ്ങളോളം ഭാരമില്ലായ്മയിൽ ജീവിച്ചതിന് ശേഷം ഗുരുത്വാകർഷണത്തെ നേരിടാൻ പ്രത്യേക പരിശീലനവും ആവശ്യമാണ് .
Discussion about this post