പാലക്കാട് റോഡ് ഉദ്ഘാടനത്തെ ചൊല്ലി സിപിഐഎമ്മും ജനങ്ങളും തമ്മിൽ അടിയോടടി. കാഞ്ഞിരപ്പുഴയിലാണ് സംഭവം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യാൻ ഇരുന്ന ചിറക്കൽപടി റോഡ് നാട്ടുകാർ ഒരു ദിവസം മുൻപേ ജനകീയ ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുക്കാൻ തീരുമാനിച്ച് ഉറപ്പിച്ചതാണ് സിപിഎമ്മുകാരെ പ്രശ്‌നത്തിലാക്കിയത്. നാട്ടുകാരുടെ ഉദ്ഘാടന പരിപാടി സിപിഎം പ്രവർത്തകർ ചേർന്ന് തടയുകയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ ചിറക്കൽപടി റോഡിന്റെ ജനകീയ ഉദ്ഘാടനമാണ് സിപിഐഎം നേതാക്കൾ എത്തി ബലം പ്രയോഗിച്ച് തടഞ്ഞത്.
പിന്നാലെ, റോഡ് ഉദ്ഘാടനത്തിന് എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ സമിതിയിലെ അംഗത്തെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ഭേദമന്യേ ആളുകളുള്ള സംഘടനയാണ് ജനകീയ കൂട്ടായ്മ. ഒരു ദിവസം മുൻപേ ആഘോഷപൂർവ്വം റോഡിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉദ്ഘാടനം ചെയ്യാൻ ശ്രമം നടത്തുകയായിരുന്നു. ഇതിനിടെ വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.മന്ത്രി ഉദ്ഘാടനം നടത്താനിരിക്കുന്ന റോഡ് മറ്റാരും ഉദ്ഘാടനം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സിപിഐഎം നേതാക്കൾ പറഞ്ഞത്. തുടർന്നാണ് പ്രദേശത്തും ഉന്തും തള്ളും ഉണ്ടായത്.
എട്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് പണി പൂർത്തിയായത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 23 കോടി ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമായത്. മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനൻ 2018 ൽ നിർമാണോദ്ഘാടനം നടത്തിയതാണ്. ഒന്നര വർഷത്തിനകം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും മുക്കാൽ ഭാഗം പോലും നവീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്ക് കാണിക്കുമ്പോൾ മഴക്കാലം തുടങ്ങുന്നതിന്റെ ഏതാനും ദിവസം മുൻപ് അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കുകയും അടുത്ത മഴയ്ക്ക് മുൻപേ അത് ഒലിച്ച് പോകുന്നതുമായിരുന്നു പതിവ്. ഇത് തുടർന്നതോടെ റോഡ് പണിയുടെ മറവിൽ വൻതുക അടിച്ചുമാറ്റാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തികരീച്ചത്.
Discussion about this post