ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ശക്തമാക്കി. ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ വിചാരണയിലൂടെ ഒരു നിരപരാധിയെ മരണത്തിലേക്ക് തള്ളിവിട്ട ഷിംജിതയുടെ ക്രൂരതയ്‌ക്കെതിരെ ജനരോഷം ആഞ്ഞടിക്കുകയാണ്. ബസ് യാത്രയ്ക്കിടെ ദീപക് ശല്യം ചെയ്തെന്നും വിവരം വടകര പോലീസിനെ അറിയിച്ചിരുന്നെന്നുമാണ് ഷിംജിത വീഡിയോയിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ വടകര പോലീസിൽ ഇത്തരമൊരു പരാതിയോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് ഇൻസ്പെക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ, ലൈക്ക് കിട്ടാനും റീച്ച് കിട്ടാനും വേണ്ടി യുവതി ബോധപൂർവ്വം നടത്തിയ നാടകമാണിതെന്ന വിമർശനം ശക്തമായി.
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനും സൈബർ പോലീസ് രംഗത്തിറങ്ങിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ ഷിംജിത തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഉത്തരമേഖലാ ഡിഐജി നേരിട്ട് കേസ് അന്വേഷിക്കണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കമ്മീഷന്റെ കർശന നിർദ്ദേശം.













Discussion about this post