ന്യൂഡൽഹി; ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ഇന്ത്യയിലെത്തി.ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി വിമാത്താവളത്തിലെത്തി സ്വീകരിച്ചു . വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രധാമന്ത്രിയോടൊപ്പം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
“എന്റെ സഹോദരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. അദ്ദേഹത്തിന് ഇന്ത്യയിൽ വളരെ സന്തോഷകരമായ താമസം ആശംസിക്കുന്നു, നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ജയ്ശങ്കർ, പ്രധാനമന്ത്രി മോദി, പ്രസിഡന്റ് ദ്രൗപതി മുർമു എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഖത്തർ വിദേശകാര്യ ബന്ധത്തിന് ഈ സന്ദർശനം കൂടുതൽ ആക്കം കൂട്ടും” എന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ അമീറിനൊപ്പം രാജ്യത്തെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ എന്നിവരുൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവുമുണ്ട്.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ധാരണാപത്രങ്ങളും (എംഒയു) ഇരു രാജ്യങ്ങളും കൈമാറും.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അൽ-താനി ഇന്ത്യ സന്ദർശിക്കുന്നത്. 2015 മാർച്ചിൽ അദ്ദേഹം നേരത്തെയും ഇന്ത്യയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) വാണിജ്യ മന്ത്രാലയവും ന്യൂഡൽഹിയിൽ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിക്കും.ഖത്തർ അമീറിന്റെ സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടന പ്രസംഗം നടത്തും. ഫോറത്തിൽ, ബിസിനസ് നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ എന്നിവർ ഇന്ത്യയും ഖത്തറും തമ്മിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചും സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും ചർച്ചചെയ്യും.
“ദീർഘകാല സാമ്പത്തിക സഹകരണത്തിനായുള്ള ഇന്ത്യയുടെയും ഖത്തറിന്റെയും വിവിധ പദ്ധതികൾ പരിപാടിയിൽ അവതരിപ്പിക്കും. പ്രധാന മേഖലകളിലുടനീളം വ്യാപാരം, നിക്ഷേപം, എന്നിവയ്ക്കായി കരാറുകളിൽ ഒപ്പിടുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണെന്നും ഖത്തറിന്റെ പുരോഗതിക്കും വികസനത്തിനും നൽകുന്ന നല്ല സംഭാവനകൾക്ക് അവരെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
Discussion about this post