ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയും ആശ്ചര്യവും പ്രകടിപ്പിച്ച് മുൻ ന്യൂസിലൻഡ് താരം ഇയാൻ സ്മിത്ത്. ഏതൊരു ടി20 ടീമിലും നേരിട്ട് ഇടംപിടിക്കാൻ കെൽപ്പുള്ള താരമാണ് പന്തെന്നും അദ്ദേഹത്തെ പുറത്തിരുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നും സ്മിത്ത് പറഞ്ഞു.
റായ്പൂരിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20-യോടനുബന്ധിച്ച് പി.ടി.ഐയോട് സംസാരിക്കവെയാണ് ഇയാൻ സ്മിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഋഷഭ് പന്ത് ഈ ടീമിലില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം അതിമാനുഷികമായ കഴിവുള്ള താരമാണ്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ പന്തിന് കഴിയും. ടി20 ക്രിക്കറ്റിൽ അത്തരം മാച്ച് വിന്നർമാരെയാണ് നമുക്ക് ആവശ്യം” – സ്മിത്ത് പറഞ്ഞു.
പന്തിന് പകരം സഞ്ജു സാംസണെ ഒന്നാം ചോയ്‌സ് കീപ്പറായി തിരഞ്ഞെടുത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. എങ്കിലും, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് ടീം ബാലൻസിന്റെ ഭാഗമായിരിക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. വിക്കറ്റ് കീപ്പർമാർ ഇപ്പോൾ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുന്നവരല്ല, മറിച്ച് ടോപ്പ് 4-ൽ ബാറ്റ് ചെയ്ത് ടീമിന് കരുത്ത് പകരേണ്ടവരാണെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
നിലവിൽ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ഋഷഭ് പന്തിനെ 2026 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താതെ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് സെലക്ടർമാർ തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യ സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം നിലനിർത്താൻ ഏറ്റവും സാധ്യതയുള്ള ടീമാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവരാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തുന്ന മറ്റ് ടീമുകൾ.









Discussion about this post