ഇന്നലെ റായ്പൂരിൽ നടന്ന രണ്ടാം ടി20-യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. റായ്പൂരിൽ നടന്ന രണ്ടാം ടി20-യിൽ ന്യൂസിലൻഡ് ഉയർത്തിയ 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറിൽ മറികടക്കുകയായിരുന്നു.
മത്സരത്തിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ കിവീസ് നായകൻ മിച്ചൽ സാന്റ്നറുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്:
“ഈ ബാറ്റിംഗ് നിരയ്ക്കെതിരെ (ഇന്ത്യ) ചിലപ്പോൾ 300 റൺസ് എടുത്താൽ പോലും മതിയാകില്ല എന്ന് തോന്നുന്നു. ഇത്രയും ആഴമുള്ള ബാറ്റിംഗ് നിരയും ഇത്രയും മികച്ച വിക്കറ്റും ആകുമ്പോൾ, എവിടെയെങ്കിലും അവരെ പിടിച്ചുകെട്ടുക എന്നത് അസാധ്യമാണ്. 200-ഓ 210-ഓ റൺസ് എടുത്താൽ ഇന്ത്യയെ തടയാനാകില്ലെന്ന് ഇപ്പോൾ വ്യക്തമായി.” അദ്ദേഹം പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ്, സാന്റ്നറുടെ (47*) മികച്ച ഫിനിഷിംഗിലൂടെയും രച്ചിൻ രവീന്ദ്രയുടെ (44) പ്രകടനത്തിലൂടെയും 208/6 എന്ന മികച്ച സ്കോർ പടുത്തുയർത്തി. 209 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമ്മയെയും സഞ്ജു സാംസണെയും തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് കണ്ടത് ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ടായിരുന്നു.
37 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാർ യാദവും 18 പന്തിൽ 36* റൺസെടുത്ത ശിവം ദുബെയും ചേർന്ന് 28 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.









Discussion about this post