ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ ഷെയ്ഖ് ഹമീം ബിൻ ഹമദ് അൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും.
ഊർജ്ജമേഖലയിൽ ഉൾപ്പെടെ സഹകരണം മെച്ചപ്പെടുത്തുന്നതിനായുള്ള കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവയ്ക്കും. ഇതിന് പുറമേ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ചർച്ചാ വിഷയമാകും. മറ്റ് ഉഭയകക്ഷി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഇന്നലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരിക്കും പ്രധാനമന്ത്രിയുമായിട്ടുള്ള ചർച്ച.
ഖത്തർ അമീർ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തും. രാവിലെ ആണ് കൂടിക്കാഴ്ച. രാഷ്ട്രപതി ഭവനിൽ ആയിരിക്കും ഇരുവരും തമ്മിൽ കാണുക. രാഷ്ട്രപതി ഭവനിൽ എത്തുന്ന ഖത്തർ അമീറിന് ആചാരപരമായ വരവേൽപ്പ് ആയിരിക്കും നൽകുക. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രി 8.39 ന് അമീർ തിരികെ ഖത്തറിലേക്ക് മടങ്ങും.
ഇന്നലെ രാത്രിയായിരുന്നു അമീർ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തെ മോദി തന്നെ വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുകയായിരുന്നു. പ്രോട്ടോകോളുകൾ മാറ്റിവച്ചായിരുന്നു പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചത്. അമീറിന് പുറമേ ഉന്നതതല സംഘവും വിമാനത്തിൽ ഉണ്ടായിരുന്നു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് പ്രതിനിധികൾ എന്നിവരാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിന് മുൻപ് 2015 ൽ ആണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയത്. വളരെ ആഴത്തിൽ വേരൂന്നിയ സൗഹൃദമാണ് ഇന്ത്യയും ഖത്തറും തമ്മിൽ ഉള്ളത്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, ഊർജ്ജം, സംസ്‌കാരം എന്നീ രംഗങ്ങളിൽ അടുത്തിടെ ആയി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായിട്ടുണ്ട്. ഇത് കൂടുതൽ കരുത്തുറ്റുക കൂടിയാണ് ഖത്തർ അമീറിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.
Discussion about this post