കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപിലെ അല്‍ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് ഭൂമി കുഴിച്ചപ്പോള്‍ കണ്ടത് അപൂര്‍വ്വ കാഴ്ച്ച. 2,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അമൂല്യമായ ഈ കണ്ടെത്തല്‍ നിധിയേക്കാളും വിലപിടിച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം, കാരണം വലിയൊരു ചരിത്രത്തിലേക്കാണ് ഈ അവശിഷ്ടങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കുവൈത്ത്-ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ സംഘം അല്‍ ഖുറൈനിയ സൈറ്റില്‍ നടത്തിയ പ്രവര്‍ത്തനത്തിനിടെയാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് കൗണ്‍സില്‍ ഫോര്‍ ആന്റിക്വിറ്റീസ് ആന്‍ഡ് മ്യൂസിയം സെക്ടറിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ റെഡ പറഞ്ഞു.
കെട്ടിടത്തിന്റെ ശിലാ അടിത്തറകള്‍, ഒരു ആന്തരിക മതില്‍, ബാഹ്യ മുറ്റത്തെ മുറിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രവേശന കവാടം എന്നിവ സംഘം കണ്ടെത്തിയതായി ബിന്‍ റെഡ വിശദീകരിച്ചു. അതിനുള്ളില്‍ പ്ലാസ്റ്റര്‍ ചെയ്ത മതിലുകളുടെ നിരവധി അവശിഷ്ടങ്ങളും കണ്ടെത്തി, കൂടാതെ 2,000 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി മണ്‍പാത്ര വസ്തുക്കളും കണ്ടെത്തി.
ഈ സ്ഥലത്തെ ഏറ്റവും പഴക്കമേറിയ പാളി ബിസി മൂന്നാം, രണ്ടാം നൂറ്റാണ്ടുകളിലേതാണ് (2300 വര്‍ഷം മുമ്പ്), ദ്വീപിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു കെട്ടിടത്തിന്റെ കണ്ടെത്തല്‍ ഫൈലാക്ക ദ്വീപിന്റെ ഒരു പ്രധാന പുരാവസ്തു നേട്ടമാണെന്ന് കുവൈത്ത് സര്‍വകലാശാലയിലെ പുരാവസ്തു, നരവംശശാസ്ത്ര പ്രൊഫസര്‍ ഡോ. ഹസ്സന്‍ അഷ്‌കനാനി സ്ഥിരീകരിച്ചു.
Discussion about this post