ന്യൂഡൽഹി: ശശി തരൂരിന്റെ ലേഖന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശശി തരൂരിനെ വിളിപ്പിച്ചു. ഉടനെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിലെത്താനാണ് നിർദേശം. കൂടിക്കാഴ്ച്ചയിൽ കെസി വേണുഗോപാലും പങ്കെടുക്കും.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. വ്യവസായ മേഖലയിലെ കേരളത്തിന്റെ വളർച്ച ഭീകരമാണെന്നായിരുന്നു
ശശി തരൂരിന്റെ വീക്ഷണത്തിലെ എഡിറ്റോറിയലിൽ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളാണ് തരൂരിനെ തള്ളി രംഗത്തെത്തിയത്. ശശി തരൂരിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ, തന്റെ അഭിപ്രായം തള്ളില്ലെന്ന നിലപാടാണ് തരൂർ സ്വീകരിച്ചത്. തന്റെ നിലപാടിനോട് ഉറച്ച് നിൽക്കുകയാണെന്നും തന്റെ ലേഖനത്തിൽ തെറ്റൊന്നും കാണുന്നില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും തരൂർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച തരൂർ കൂടിക്കാഴ്ച പ്രോത്സാഹന ജനകമാണെന്നും നിരവധി പ്രധാന ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഏറെ പോസിറ്റീവായാണ് ഈ സന്ദർശനത്തെ കാണുന്നത്. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
Discussion about this post