പുരാണത്തിലെ യയാതിയുടെ കഥകേൾക്കാത്തവരായി അധികമാരും കാണില്ല. ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം ഏൽക്കേണ്ടി വന്ന വേദപണ്ഡിതനായിരുന്ന രാജാവ്. മകളെ ചതിച്ച് മറ്റൊരു വിവാഹം ചെയ്ത ശുക്രാചാര്യർ വെറുതെയിരിക്കുമോ? യയാതിയുടെ യൗവ്വനം നഷ്ടപ്പെടട്ടെയെന്ന് അദ്ദേഹം ശപിച്ചു. ശാപമോക്ഷം കേണ മരുമകന് അദ്ദേഹം രക്ഷപ്പെടാനുള്ള വഴിയും ഉപദേശിച്ചു നൽകി. ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നായിരുന്നു അത്. ഇതിന് പിന്നാലെ യയാതി മക്കളെ വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ വാർദ്ധക്യത്തിലിരിക്കുന്ന പിതാവിന് യൗവനം വച്ചുമാറാൻ പുരു എന്ന മകൻ മാത്രമേ തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യവും ഭരിച്ചു. ഇത് പുരാണകഥ. എന്നാൽ ഈ 21ാം നൂറ്റാണ്ടിലും യയാതിയെ പോലെ മകനോട് യൗവനം ചോദിച്ചുവാങ്ങിയ ഒരാളുണ്ട്. രാജാവൊന്നമല്ല, പക്ഷേ പണം കൊണ്ട് അമ്മാനമാടുന്ന ഒരു വേദനിക്കുന്ന കോടീശ്വരൻ. പേര് ബ്രയാൻ ജോൺസൻ. അമേരിക്കൻ സംരംഭകനും വഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ഇയാൾ യൗവനം നിലനിർത്താനായി ചെയ്യുന്ന പലകാര്യങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
45കാരനായ ബ്രയാൻ കൗമാരക്കാരനായ തന്റെ മകന്റെ രക്തം സ്വീകരിച്ചുകൊണ്ടാണ് യൗവനത്തിലേക്ക് തിരികെ പോകാനുള്ള യാത്ര ആരംഭിച്ചത്. ബയോ ഹാക്കിംഗ് എന്ന പ്രക്രിയയിലൂടെ 47 കാരന് 18 കാരൻ ആവാനാണ് ആഗ്രഹം. ഇതിനായി വർഷത്തിൽ 16 കോടി രൂപയാണ് അദ്ദേഹം ചെലവഴിക്കുന്നത്. പ്രായം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന പേര്. 30 ഡോക്ടർമാരടങ്ങിയ സംഘത്തിനെയാണ് ബ്രയാൻ 20 ലക്ഷം ഡോളർ ചെലവിൽ പ്രോജക്ട് ബ്ലൂപ്രിന്റിനായി നിയോഗിച്ചിരിക്കുന്നത്. തലച്ചോർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, ടെൻഡനുകൾ, പല്ലുകൾ, ചർമ്മം, മുടി, മൂത്രസഞ്ചി, ലിംഗം, മലദ്വാരം ഉൾപ്പെടെയുള്ള അവയവങ്ങളുടെയും പ്രായം 18 വയസ്സാക്കി മാറ്റാനാണ് ബ്രയാന്റെ ശ്രമം.
ഇതിനിടെ മകന്റെ ശരീരത്തിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത് നിർത്തിയെന്നും തന്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പതിനാറുകാരനായ മകൻ ടാൽമേജ്‌നെയും 70 -കാരനായ പിതാവ് റിച്ചാർഡിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മൾട്ടി ജനറേഷൻ പ്ലാസ്മ എക്‌സ്‌ചേഞ്ച് പരീക്ഷണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. മകൻറെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് സ്വീകരിക്കുമ്പോൾ സ്വന്തം ശരീരത്തിൽ നിന്നും എടുക്കുന്ന പ്ലാസ്മ പിതാവിന്റെ ശരീരത്തിലായിരുന്നു കുത്തിവയ്ക്കുന്നത്. ശാസ്ത്രത്തിന്റെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തി മരിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് ബ്രയാൻ ട്രെയില റിൽ പറയുന്നത്. പ്ലാസ്മ ട്രാൻസ്ഫ്യൂഷൻസ്, ഫാറ്റ് ട്രാൻസ്ഫർ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണിത്. ദിവസവും അമ്പതിലധികം മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ബ്രയാൻ പറയുന്നു.
അടുത്തിടെ വായുവിന്റെ ഗുണനിലവാരം മോശമായതിനെ തുടർന്ന് ഇന്ത്യൻ ബിസിനസുകാരൻ നിഖിൽ കാമത്തുമൊത്തുള്ള പോഡ്കാസ്റ്റ് ബ്രയാൻ ഉപേക്ഷിച്ചിരുന്നു.ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ബ്രയാൻ മോശമായി സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബ്രയാൻ പുറത്ത് വിട്ട തന്റെ ഡയറ്റ് പ്ലാനിൽ ഖരം മസാലയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യൻ പ്രേക്ഷകർ. ബ്ലൂപ്രിന്റ് സൂപ്പർഫുഡ് സ്മൂത്തി, വറുത്ത ആപ്പിളും കാരറ്റും ചേർത്ത ബട്ടർനട്ട് സ്‌ക്വാഷ് സൂപ്പ്, ചിക്കൻപീസ് റൈസ് ചേർത്ത ബ്ലാക്ക് ബീൻ ആൻഡ് മഷ്‌റൂം ബൗൾ എന്നിവ മെനുവിൽ ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് ഗരംമസലായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പേരുകേട്ട സുഗന്ധവ്യഞ്ജനവും ബ്രയാന്റെ പ്രായം കുറയ്ക്കയ്ൽ യാത്രയിൽ ഉൾപ്പെട്ടത് എന്തുകൊണ്ടാണെന്ന സംശയവും ആളുകൾ ചോദിക്കുന്നുണ്ട്. കുരുമുളക്,ഗ്രാമ്പൂ,കറുവപ്പട്ട,എലയ്ക്ക,ജാതിപത്രി,മല്ലി,പെരുംജീരകം,ജാതിക്ക,ഉപ്പ് എന്നിവ ചേർന്നതാണ് ഗരംമസാല. ഹൃദയാരോഗ്യത്തിന് പേരുകേട്ടതാണ് ഖരംമസാല, ഇതിന്റെ മതമായ ഉപയോഗം ദഹനവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും മോശം കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളനും കുറയ്ക്കുന്നു, ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണിത്.
Discussion about this post