ബംഗളൂരു: ഗൂഗിളിന്റെ ഏറ്റവും പുതിയ ഓഫീസ് അനന്ത ബംഗളൂരുവിൽ തുറന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയതും ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസുകളിൽ ഒന്നുമായ അനന്ത ബംഗളൂരുവിലെ മഹാദേവപുരയിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ ഗൂഗിൾ സേവനങ്ങളിൽ പ്രവർത്തിക്കുന്ന ടീമുകളെ പിന്തുണയ്ക്കുന്നതിനായാണ് അനന്ത രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബംഗളൂരുവിൽ പുതിയ ഓഫീസ് ആരംഭിച്ചതോടെ, ബെംഗളൂരുവിലും കൂടാതെ, ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളിലായി ഗൂഗിളിന് ഇപ്പോൾ 10,000-ത്തിലധികം ജീവനക്കാരുണ്ട്. ഗൂഗിളിനെ സംബന്ധിച്ച് ഇന്ത്യ എപ്പോഴും ഒരു നിർണായക വിപണിയാണ്. ഇന്റർനെറ്റ് ആക്സസും ഡിജിറ്റൽ സേവനങ്ങളും വികസിപ്പിക്കുന്നതിനായി കമ്പനി വൻതോതിലാണ് രാജ്യത്ത് നിക്ഷേപം നടത്തുന്നത്.
സംസ്‌കൃത പദമായ ‘അനന്ത’യുടെ അർത്ഥം പരിധിയില്ലാത്തത് എന്നാണ്. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതും 5,000-ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതുമാണ് അനന്ത ക്യാമ്പസ്. ആൻഡ്രോയിഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈൻഡ് എന്നിവയിൽ പ്രവർത്തിക്കുന്ന വിവിധ ഗൂഗിൾ ടീമുകൾ ഇനിമുതൽ അനന്തയിൽ നിന്നും പ്രവർത്തിക്കും.
‘സാങ്കേതികവിദ്യയിലൂടെ ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് ഒരു അഭിലാഷകരമായ പുതിയ യാഥാർത്ഥ്യം സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ 20 വർഷമായി ഗൂഗിൾ അതിന്റെ അഭിമാന പങ്കാളിയാണ്. എഐയുമായി ബന്ധപ്പെട്ട സാങ്കേതികവും മാതൃകാ മാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് ബംഗളൂരുവിലെ പുതിയ അനന്ത ക്യാമ്പസ് ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുന്നു’- ഗൂഗിൾ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ പ്രീതി ലോബാന പറഞ്ഞു.
Discussion about this post