ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായ തിരിച്ചടി ആയിരിക്കും പാകിസ്താൻ നേരിടുക. ഇത് പഴയ ഇന്ത്യയല്ല, പുതിയ ഇന്ത്യയാണ്. ഇക്കാര്യം പാകിസ്താന് എല്ലായ്‌പ്പോഴും ഓർമ്മ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
2014 മുതൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ എന്തെല്ലാമാണ് ചെയ്യുന്നത് എന്ന് അറിയാം. ഇന്ത്യ എല്ലായ്‌പ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ അതേസമയം ശക്തമായ തിരിച്ചടി നൽകാനും ഇന്ത്യയ്ക്ക് കഴിയും. കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിന് ശേഷം ഭീകരവാദത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു അമിതാധികാരം എടുത്തുകളഞ്ഞതിലൂടെ സർക്കാർ ഊന്നിപ്പറഞ്ഞത്. ഇതിൽ യാതൊരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ല. ഇപ്പോൾ ആരും ഭീകരരെ സഹായിക്കാറില്ല. ആളുകൾക്ക് സുരക്ഷിതരായി പുറത്തിറങ്ങി നടക്കാൻ കഴിയുന്നുണ്ട്. കുട്ടികളെ രക്ഷിതാക്കൾക്ക് ഇപ്പോൾ ധൈര്യമായി സ്‌കൂളിലേക്ക് അയക്കാം.
ഇന്ന് ടെററിസം മാറി ടൂറിസം ആയിരിക്കുന്നു. ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി കശ്മീർ മാറിക്കഴിഞ്ഞു. അഞ്ച് ലക്ഷം പേരാണ് അമർനാഥ് യാത്രയിൽ പങ്കാളികൾ ആയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് കുറഞ്ഞുവെന്നും ദ്വിവേദി വ്യക്തമാക്കി.
Discussion about this post