മനുഷ്യരാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കൊതുക് കടിക്കുമ്പോഴും വിയർക്കുമ്പോഴുമാണ് സാധാരണയായി മനുഷ്യർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറ്. ഇത് സ്വാഭാവികം ആണ്. എന്നാൽ അലർജിയുള്ള മറ്റൊരു വിഭാഗത്തിന് ഈ ചൊറിച്ചിൽ ഒരു പ്രശ്‌നം ആണ്. സ്‌കിൻ അലർജി, ഫുഡ് അലർജി എന്നിവ ഉള്ളവർക്കാണ് ശരീരത്തിൽ അമിതമായ തോതിൽ ചൊറിച്ചിൽ അനുഭവപ്പെടുക.
ചൊറിയുന്നിടത്ത് മാന്തുന്നതിനെക്കാൾ വലിയ സുഖം ഈ ലോകത്ത് വേറെയില്ലെന്നാണ് കവിവചനം. കാരണം ചൊറിയുന്നിടത്ത് മാന്തുമ്പോൾ വലിയ ആശ്വാസം ആണ് നമുക്ക് ലഭിക്കുക. എന്നാൽ ചൊറിയുമ്പോൾ ഇത്തരത്തിൽ മാന്തുന്നത് ശരീരത്തിന് നല്ലതാണോ?. ചൊറിയുമ്പോൾ ശരീരത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് പീറ്റ്‌സ്ബർഗ് സർവ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ.
ചൊറിയുമ്പോൾ മാന്തുന്നത് വെറും താത്കാലിക ആശ്വാസം മാത്രമാണ് നമുക്ക് നൽകുക എന്നതാണ് പഠനം വ്യക്തമാക്കുന്നത്. അത് മാത്രമല്ല ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ നഖം ഉപയോഗിച്ച് മാന്തുന്നത് ശരീരത്തിൽ നീര് ഉണ്ടാകുന്നതിന് കാരണം ആകും എന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ എലികളിലാണ് ഗവേഷകർ പഠനം നടത്തിയത്.
എലികളുടെ ചെവികളിൽ ചൊറിച്ചിൽ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഗവേകരുടെ പരീക്ഷണം. എന്നാൽ ചൊറിച്ചിൽ അനുഭവപ്പെട്ടിട്ടും എലികൾ മാന്തുണ്ടായിരുന്നില്ല. ചൊറിയാതിരുന്നിട്ടും ഇവയുടെ ചൊറിച്ചിൽ മാറി എന്ന് മാത്രമല്ല, ആ ഭാഗത്തെ ചർമ്മത്തിന് തടിപ്പോ മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇതേ സമയം ചൊറിയുമ്പോൾ ചർമ്മത്തിനുണ്ടാകുന്ന മാറ്റങ്ങളും ഗവേഷകർ നിരീക്ഷണത്തിന് വിധേയമാക്കി. അപ്പോൾ ആ ഭാഗം തടിച്ചതായും ആന്തരികമായി മുറിവ് സംഭവിച്ചതായും കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷമാണ് ഈ മുറിവ് ഭേദം ആയത്.
നിലവിൽ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെക്കുറിച്ചു, ഇവ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പഠനത്തിലെ വിവരങ്ങൾ ഇതിന് സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post