ന്യഡൽഹി; ഡൽഹിയിലെ സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ ശിവരാത്രി വ്രതം അനുഷ്ഠിച്ച വിദ്യാർത്ഥികൾക്ക് നേരെ എസ് എഫ് ഐ അതിക്രമം . കയ്യേറ്റം ചെയ്ത് മാംസാഹാരം കഴിപ്പിക്കാൻ ശ്രമം ഉണ്ടായെന്ന് ആരോപണം. ഇന്നലെമഹാശിവരാത്രിയുടെ ഭാഗമായി ദില്ലിയിലെ സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ നിരവധി വിദ്യാർത്ഥികൾ വ്രതം അനുഷ്ഠിച്ചിരുന്നു.
വ്രതാനുഷ്ഠാനത്തിന് അനുയോജ്യമായ ഭക്ഷണം മെസ്സിൽ വിതരണം ചെയ്യണമെന്ന ആവശ്യം ഏതാണ്ട് 110-ഓളം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി ഭരണസമിതിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സർവ്വകലാശാലയിലെ രണ്ടു മെസ്സുകളിൽ ഒന്നിൽ വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് സസ്യാഹാരവും മറ്റൊന്നിൽ മാംസാഹാരവും നൽകുവാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു.
എന്നാൽ എസ്എഫ്ഐ ഈ തീരുമാനത്തെ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന മെനഞ്ഞ് ക്യാമ്പസിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നാണ് ആരോപണം.. സസ്യാഹാരം നൽകി വന്ന മെസ്സിൽ അതിക്രമിച്ച് കടന്ന് വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാംസാഹാരം വിളമ്പിയും അത് ചോദ്യം ചെയ്ത് വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തും എസ് എഫ് ഐ വൻ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നാണ് പരാതി.
വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഒരു മെസ്സിൽ സസ്യാഹാരവും മറ്റൊന്നിൽ മാംസാഹാരവും നൽകാനുള്ള സജ്ജീകരണങ്ങൾ സർവ്വകലാശാല അധികൃതർ ഒരുക്കിയിരുന്നു എന്നും വിദ്യാർത്ഥികൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും മതമൈത്രി തകർക്കുന്നതിനും വേണ്ടിയാണ് എസ് എഫ് ഐ ഈ തരത്തിലുളള അതിക്രമങ്ങൾ നടത്തിയത് എന്നും സൗത്ത് ഏഷ്യൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ അൻഷുൽ ശർമ്മ വ്യക്തമാക്കി.എസ് എഫ് ഐ അക്രമത്തിന് ഇരയായ വിദ്യാർത്ഥികൾ പ്രോക്ടർക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനുള്ള അവകാശം ഉണ്ട് എന്നും അതിനെ മാനിക്കേണ്ടത് ഏവരുടെയും കടമയാണ് എന്നും ഈ തരത്തിൽ ഉള്ള അതിക്രമങ്ങളിലൂടെ എസ് എഫ് ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുക ആണ് എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ സാർത്ഥക് ശർമ്മ പറഞ്ഞു.വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഭക്ഷണം സർവ്വകലാശാല അധികൃതർ മെസ്സിൽ ഒരുക്കിയതിൽ വെറി പൂണ്ട എസ് എഫ് ഐ പ്രവർത്തകർ അക്രമത്തിലൂടെ വിദ്യാർത്ഥികളെ ഭയപ്പെടുത്താനും അതുവഴി ഇടത് ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഹീനമായ ശ്രമമാണ് നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ മതസ്വാതന്ത്ര്യത്തിനുമേലുള്ള എസ് എഫ് ഐ കടന്ന് കയറ്റം തീർത്തും അപലപനീയമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post