”The Complete Man” – റെയ്മണ്ട്സ് (Raymond) ബ്രാൻഡിന്റെ ഈ പരസ്യവാചകം കേൾക്കാത്തവർ ഉണ്ടാകില്ല. അവ ധരിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ആ ചിത്രങ്ങളിൽ കാണുന്ന ആഭിജാത്യവും കുടുംബസ്നേഹവുമാണ് .എന്നാൽ ആഡംബര സ്യൂട്ടുകൾ തുന്നുന്ന ഈ സാമ്രാജ്യത്തിന്റെ ഉള്ളറകളിൽ നടന്നത് ഒരു മനുഷ്യനും ചെയ്യാൻ ആഗ്രഹിക്കാത്ത അത്ര ഭീകരമായ കുടുംബയുദ്ധമായിരുന്നു.നൂലുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഒരു കുടുംബത്തിന്റെ തകർച്ചയുടെയും, വഞ്ചനയുടെയും, പകയുടെയും കറുത്ത ചരിത്രമാണ്. സ്വന്തം ഒപ്പ് എങ്ങനെ ഒരു ചക്രവർത്തിയെ യാചകനാക്കി മാറ്റുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് വിജയ്പത് സിംഗാനിയയുടെ ജീവിതം. കോടീശ്വരനായ ഒരച്ഛൻ സ്വന്തം മകനാൽ തെരുവിലേക്ക് ഇറക്കിവിടപ്പെട്ട, കണ്ണീരും പകയും നിറഞ്ഞ ആ കഥ അറിയാം…
ഇന്ത്യയിലെ വസ്ത്രവ്യാപാര രംഗത്തെ മുടിചൂടാമന്നനായിരുന്നു വിജയ്പത് സിംഗാനിയ. ബിസിനസ്സ് മാത്രമല്ല, വിമാനം പറത്തുന്നതിലും സാഹസികതയിലും അദ്ദേഹം കമ്പക്കാരനായിരുന്നു. എന്നാൽ 2015-ൽ അദ്ദേഹം എടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവായി മാറി. തന്റെ സാമ്രാജ്യം മകനിലൂടെ കൂടുതൽ വളരുന്നത് കാണാൻ ആഗ്രഹിച്ച അദ്ദേഹം 2015-ൽ ഒരു വലിയ സാഹസത്തിന് മുതിർന്നു. റെയ്മണ്ട് ഗ്രൂപ്പിന്റെ തന്റെ പക്കലുള്ള 37 ശതമാനം ഓഹരികളും (അന്ന് ഏകദേശം 1000 കോടി രൂപയുടെ മൂല്യം) മകൻ ഗൗതം സിംഗാനിയയുടെ പേരിലേക്ക് അദ്ദേഹം കൈമാറി.
പക്ഷേ, അധികാരം കൈവന്നതോടെ ഗൗതം സിംഗാനിയയുടെ ഭാവം മാറി.മുംബൈയിലെ അതിസമ്പന്നമായ അൾട്ടാമൗണ്ട് റോഡിലെ 36 നിലകളുള്ള ‘ജെ.കെ ഹൗസ്’ എന്ന കുടുംബവീട്ടിലെ ഒരു ഫ്ലാറ്റിന്റെ പേരിൽ അച്ഛനും മകനും തമ്മിൽ തർക്കം തുടങ്ങി. തനിക്ക് ലഭിക്കേണ്ട ഫ്ലാറ്റ് ഗൗതം നൽകുന്നില്ലെന്ന് വിജയ്പത് ആരോപിച്ചു. തർക്കം രൂക്ഷമായതോടെ, ഒരു കാലത്ത് റെയ്മണ്ടിന്റെ സാരഥിയായിരുന്ന ആ പിതാവിനെ സ്വന്തം മകൻ വീട്ടിൽ നിന്ന് പുറത്താക്കി. വാടകവീട്ടിലേക്ക് മാറേണ്ടി വന്ന വിജയ്പത് സിംഗാനിയ കോടതിയിൽ താൻ “ഒരു പണവുമില്ലാത്ത അവസ്ഥയിലാണെന്ന്” വിളിച്ചുപറഞ്ഞത് ഇന്ത്യയെ ഞെട്ടിച്ചു.
യുദ്ധം അവിടെയും അവസാനിച്ചില്ല. ഗൗതം സിംഗാനിയയും ഭാര്യ നവാസും തമ്മിലുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതോടെ ഈ കുടുംബകലഹം വീണ്ടും തെരുവിലെത്തി. അച്ഛനെപ്പോലെ തന്നെ തന്റെ ഭാര്യയെയും ഗൗതം വഞ്ചിച്ചുവെന്ന ആരോപണവുമായി നവാസ് രംഗത്തെത്തി.മകന്റെ തകർച്ച കാണാൻ ആഗ്രഹിച്ച അച്ഛൻ വിജയ്പത് സിംഗാനിയ തന്റെ മരുമകൾക്ക് പിന്തുണയുമായി രംഗത്തെത്തി. താൻ മകന് നൽകിയ ഓഹരികൾ തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടത്തിലാണ് അദ്ദേഹം ഇപ്പോഴും.
ഇന്ന് 2026-ൽ, റെയ്മണ്ട്സ് എന്ന ബ്രാൻഡ് അതിന്റെ ലാഭവിഹിതം ഉയർത്തുന്നുണ്ടെങ്കിലും, ആ ബ്രാൻഡിന്റെ ഉടമകളുടെ ജീവിതം വെറും കടലാസ് തുണ്ടുകൾ പോലെ ചിതറിക്കിടക്കുകയാണ്. അധികാരവും പണവും കൈവരുമ്പോൾ രക്തബന്ധങ്ങൾ പോലും എങ്ങനെ വഴിമാറിപ്പോകുമെന്നതിന് വിജയ്പത് സിംഗാനിയയുടെ ഈ കഥ ഒരു ഉദാഹരണമാണ്.













Discussion about this post