പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ഭൂമിയിൽ സംഭവിച്ചിട്ടുണ്ട്.
എന്നാൽ, ശാസ്ത്രലോകം ഇത്രയേറെ വികസിച്ചിട്ടും ഇനിയും കണ്ടെത്താൻ കഴിയാത്ത പല നിഗൂഡതകളും നമ്മുടെ പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ട്. ലോകാവസാനം എന്നത് പല വർഷങ്ങളായി ചർച്ച ചെയ്ത് തുടങ്ങിയ വിഷയമാണ്. 2025ന്റെ തുടക്കത്തിൽ ഇത് വീണ്ടും ചർച്ചയായി വന്നിരുന്നു. അടുത്തിടെ കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങൾ കരയിലേക്ക് വരാൻ തുടങ്ങിയതാണ് ഇതിനൊരു പ്രധാന കാരണമായി ശാസ്ത്രലോകം പറയുന്നത്.
ഇത്തരത്തിൽ മത്സ്യങ്ങൾ കരയിലേക്ക് വരുന്നത് ഭൂകമ്പ സൂചനയാണെന്നും ലോകാവസാനമായി എന്നും പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.
കടലിന്റെ ആഴങ്ങളിൽ കാണപ്പെടുന്ന ഓർ മത്സ്യങ്ങൾക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്ന് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിൽ വിശ്വസിക്കപ്പെടുന്നു.
ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ സൂചനയാണെന്ന് ജപ്പാനിൽ ഒരു വിശ്വാസമുണ്ട്. 2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു. കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു ചിലർ വിശ്വസിക്കുന്നത് എന്നാൽ ഇതിന് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഈ മാസം 10-ാം തീയതി ഈ ഓർ മത്സ്യം വീണ്ടും കരയിൽ അടിഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചത്. മെക്‌സിക്കോയിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളുള്ള ഓർ മത്സ്യങ്ങൾ കടലിൽ നിന്ന് വളരെ വേഗത്തിൽ കരയിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാൾ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയിൽ കാണാം.
ആഴക്കടലിൽ ഇനിയും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത മറ്റൊരു ദുരൂഹതയാണ് ആംഗ്ലർ ഫിഷ് അഥവാ ആഴക്കടലിന്റെ ചെകുത്താൻ. നെറ്റി ഭാഗത്തുള്ള ചെറിയ പ്രകാശവും കൂർത്ത പല്ലുകളുമുള്ള ഇതിനെ കണ്ടാൽതന്നെ പേടിയാകും. കടലിന് മുകളില എത്തുന്ന ആംഗ്ലർ ഫിഷിന്റെ വീഡിയോയും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാൽ മുകളിലെത്തിയതിന് പിന്നാലെ ഈ മത്സ്യം ചത്തുപോകുന്നു. സമുദ്രത്തിന്റെ 16,000 അടി വരെ താഴ്ചയിലാണ് ആംഗ്ലർ ഫിഷിന്റെ വാസം. ഈ മത്സ്യം സമുദ്രത്തിന് മുകളിൽ എത്തിയതും അപകട സൂചനയെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.
Discussion about this post