ഇന്ത്യയ്‌ക്കെതിരെ ഞായറാഴ്ച പെർത്തിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയെ വിശേഷിപ്പിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യയിൽ കളിക്കളത്തിൽ കളിക്കുന്നത് കാണാൻ ഡൗൺ അണ്ടർ ആരാധകർക്ക് ലഭിക്കുന്ന “അവസാന അവസരം” ആയിരിക്കുമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.
പുറംവേദന കാരണം ടീമിന് പുറത്തായ 32 കാരനായ കമ്മിൻസ് സ്റ്റേഡിയത്തിൽ ഇരുന്നാകും മത്സരം കാണുക. ഒക്ടോബർ 19 ന് പെർത്തിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിതും കോഹ്‌ലിയും ഇടം നേടിയിട്ടുണ്ട്. ഇത് ഓസ്‌ട്രേലിയൻ മണ്ണിലെ ഇവരുടെ അവസാന പരമ്പരയാകും എന്ന് ഉറപ്പിക്കാം.
“കഴിഞ്ഞ 15 വർഷമായി വിരാടും രോഹിതും മിക്കവാറും എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. അതിനാൽ ഓസ്‌ട്രേലിയൻ ആരാധകർക്ക് അവർ ഇവിടെ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്,” കമ്മിൻസ് പറഞ്ഞു. “ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന അവർ ചാമ്പ്യന്മാരാണ്. അവർക്ക് എപ്പോഴും മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങൾ അവർക്കെതിരെ എവിടെ കളിച്ചാലും ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പര നഷ്ടപ്പെടുന്നത് വളരെ നാണക്കേടാണ്. അവർക്കെതിരായ മത്സരം കാണാൻ വലിയ ജനക്കൂട്ടം തന്നെയുണ്ടാകും. ഓസ്‌ട്രേലിയയിൽ ഇതിനോടകം തന്നെ വലിയ ആവേശം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു മത്സരം കളിക്കാതിരുന്നാൽ പോലും അത് വളരെ നിരാശപ്പെടുത്തും. അപ്പോൾ പരമ്പര തന്നെ കളിക്കാതിരിക്കന്നത് ഉൾക്കൊള്ളാൻ പോലും വളരെ ബുദ്ധിമുട്ടായിരിക്കും’, കമ്മിൻസ് പറഞ്ഞു.
എന്തായാലും വിരാട്- കോഹ്‌ലി തുടങ്ങിയവർ ഫോമിലേക്ക് എത്തും എന്ന് തന്നെയാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.
Discussion about this post