മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി നടി രജീഷ വിജയൻ. ധ്രുവ് വിക്രം നായകനായി എത്തുന്ന ബൈസണിൽ സഹോദരിയായി എത്തുന്നത് രജീഷ വിജയനാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് താരം മനസ് തുറന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ താൻ മുങ്ങി പോയെന്നും ആ നിമിഷം മരണത്തെ മുഖാ മുഖം കണ്ടെന്നും പറയുകയാണ് നടി.മാരി സെൽവരാജിനൊപ്പമുള്ള രജീഷയുടെ രണ്ടാമത്തെ ചിത്രമാണ് ബൈസൺ.
‘സിനിമയുടെ ചിത്രീകരണത്തിൽ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. ‘കർണൻ’ സിനിമയ്ക്കായി ഞാൻ നീന്തൽ പഠിച്ചതുകൊണ്ട്, നേരത്തെ തന്നെ മാരി സർ എന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. രംഗം ചെയ്യാനുള്ള ആഗ്രഹത്തിൽ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നു, സത്യത്തിൽ ഞാൻ നീന്തൽ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോൾ, ഞാൻ താഴേക്ക് പോകുന്നത് പോലെ തോന്നി. ആ അഞ്ച് സെക്കൻഡിൽ എന്റെ അവസാനമായിരിക്കുമെന്ന് ഞാൻ കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു.ആളുകൾ എന്നെ രക്ഷിക്കുന്നതായി എനിക്ക് തോന്നി. ഞാൻ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകൻ മാരി സാർ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്‌സോ, കൂളേഴ്‌സോ പോലും മാറ്റാതെ പെട്ടന്നാണ് എന്നെ രക്ഷിക്കാൻ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി.
അതേസമയം മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും.
പശുപതി, ഹരികൃഷ്ണൻ, അഴകം പെരുമാൾ, കലൈയരശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെറ്റഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നവംബറിൽ ചിത്രം ഒടിടിയിലെത്തും. സ്പോർട്സ് ഡ്രാമയായാണ് ചിത്രം പുറത്തിറങ്ങുന്നത്. 1990 കളിൽ തമിഴ്നാട്ടിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post