38 കിലോ മീറ്റർ വിസ്തൃതിയിൽ വിസ്മയം തീർത്ത ഇന്ത്യയുടെ പൈതൃകം. ചൈനയിലെ വൻമതിൽ പോലും തോറ്റുപോകുന്ന കെട്ടുറപ്പ്. പിടിച്ചടക്കാൻ എത്തിയ അക്ബറിനെ വിറപ്പിച്ച കുംഭൽഗഡ് കോട്ട. ദി ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യയെന്ന് അറിയപ്പെടുന്ന കുംഭൽഗഡ് 15ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ധീര യോദ്ധാവിന്റെ ജീവിതം കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.
രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് കുംഭൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ആരവല്ലി മലനിരകളുടെ പടിഞ്ഞാറ് ഭാഗമാണ് യഥാർത്ഥ സ്ഥാനം. ചൈനയിലെ വൻമതിൽ കഴിഞ്ഞാൽ ലോകത്തെ തന്നെ ഏറ്റവും വലിയ നീളമുള്ള രണ്ടാമത്തെ മതിലാണ് കോട്ടയുടേത്. ലോക പൈതൃകപട്ടികയിലും ഈ കോട്ട ഇടംപിടിച്ചിട്ടുണ്ട്.
മേവാർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മഹാറാണ കുംഭ എന്ന കുംഭകരൻ സിംഗാണ് ഈ കോട്ട പണികഴിപ്പിച്ചത്. ശത്രു പ്രതിരോധം തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ കോട്ടയുടെ നിർമ്മാണത്തിന്റെ തുടക്കം അത്ര സുഗകരമായിരുന്നില്ല കാര്യങ്ങൾ.
തുടർച്ചയായി കോട്ടയുടെ നിർമ്മാണം മുടങ്ങിയതോടെ മഹാറാണ ജോത്സ്യന്റെ ഉപദേശം തേടി. ഈ മണ്ണിൽ രക്തം വീണാൽ മാത്രമേ കോട്ട ഉയരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മഹാറാണ പ്രതിസന്ധിയിലായി. എന്നാൽ തന്റെ ജീവൻ ബലി നൽകാൻ തയ്യാറാണെന്ന് അറിയിച്ച് സന്യാസി രംഗത്ത് വരികയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ രക്തം വീണ മണ്ണിൽ മഹാറാണ തന്റെ കോട്ട പടുത്തുയർത്തി.
ചീത്തോർഗഡ് കോട്ടയ്ക്ക് ശേഷം രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ കോട്ടയാണ് ഇത്. ചൈന വൻമതിലിന് ശേഷം ലോകത്തെ ഏറ്റവും നീളമുള്ള രണ്ടാമത്തെ വൻമതിലാണ് കോട്ടയുടേത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ വൻമതിൽ എന്ന് ഇതിന് പേര് ലഭിച്ചതും.
മനോഹരമായ വാസ്തകുവിദ്യയ്ക്ക് പേര് കേട്ടതാണ് കുംഭൽഗഡ് കോട്ട. അന്നത്തെ പ്രശസ്ത വാസ്തുശിൽപ്പിയായ മദന്റെ നേതൃത്വത്തിൽ ആയിരുന്നു കോട്ടയുടെ നിർമ്മാണം. 84 കോട്ടകൾ ആണ് മഹാറാണ പണികഴിപ്പിച്ചത്. ഇതിൽ 32 എണ്ണത്തിന്റെ രൂപ കൽപ്പനയും നിർവ്വഹിച്ചത് മഹാറാണ ആയിരുന്നു. ഇതിൽ ഏറ്റവും വലുതും മികച്ചതുമാണ് കുംഭൽഗഡ് കോട്ട.
സമുദ്ര നിരപ്പിൽ നിന്നും 1,100 അടി അഥവാ 3600 മീറ്റർ ഉയരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 38 കിലോ മീറ്റർ വിസ്തൃതിയിൽ കോട്ട വ്യാപിച്ച് കിടക്കുന്നു. കോട്ടയുടെ മുൻവശത്തുള്ള മതിലിന് 15 അടി കനമുണ്ട്. ശക്തമായ ഏഴ് കവാടങ്ങൾകൊണ്ട് സംരക്ഷിതമാണ് കോട്ടയുടെ മതിലകം. 300 ജൈന ക്ഷേത്രങ്ങൾ അടക്കം 360 ൽ അധികം ക്ഷേത്രങ്ങൾ ഉണ്ട്. രാജാക്കാന്മാരുടെ ആക്രമണത്തിൽ ഈ ക്ഷേത്രങ്ങളിൽ പലതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന കെട്ടുറപ്പ് കോട്ടയ്ക്കുണ്ട്. 36 അടി വരെ ഉയരത്തിൽ കോട്ട മതിലിൽ ബാഹ്യശക്തികൾക്കെതിരെ പ്രതിരോധം തീർത്ത് ഉയർന്ന് നിൽക്കുന്നു. നിരവധി രഹസ്യ തുരങ്കങ്ങൾ കോട്ടയ്ക്കുള്ളിൽ ഉണ്ട്.
മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ, രാജാക്കന്മാരായിരുന്ന രാജാ മാൻ സിംഗ്, രാജാ ഉദയ് സിംഗ്, മിർസ എന്നിവർ സംയുക്തമായി നടത്തിയ ആക്രമണം പോലും ഈ കോട്ട ചെറുത്തിട്ടുണ്ട്. 1457 ൽ ഗുജറാത്ത് ഭരണാധികാരിയായിരുന്ന അഹമ്മദ് ഷായും 1458, 59, 1467 എന്നീ വർഷങ്ങളിൽ ഖിൽജി രാജാവായിരുന്ന മഹ്‌മൂദ് ഖിൽജിയും കോട്ടയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിന്റെ അന്ത്യം നിരാശ ആയിരുന്നു.
മുഗൾ സാമ്രാജ്യത്വ ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം ഉറങ്ങുന്ന കുംഭൽഗഡ് കോട്ട ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളിൽ മാത്രം അൽപ്പനേരത്തേയ്ക്ക് തുറന്ന് നൽകുന്ന കോട്ടയുടെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പേർ ഇവിടെയെത്തുന്നു. അകത്തളങ്ങളിലെ മനോഹാരിതയ്ക്കപ്പുറം ഇന്ത്യയുടെ പാരമ്പര്യം കൂടി തൊട്ടറിഞ്ഞാണ് ഇവർ മടങ്ങുക.
Discussion about this post