ഭഗവാൻ ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാണ് ഹനുമാന്റെ മാഹാത്മ്യം. ഊണിലും ഉറക്കത്തിലും ശ്രീരാമ നാമം കേൾക്കുന്നതിലും വലിയ ആനന്ദം ഹനുമാൻ സ്വാമിക്ക് മറ്റൊന്നും തന്നെയില്ല. ആഞ്ജനേയന്റെ ഈ ആഗ്രഹം പൂർണ്ണമായും നിറവേറ്റി കൊടുക്കുന്ന ഒരു ക്ഷേത്രമുണ്ട് ഭാരതത്തിൽ. ഇടവേളകളില്ലാതെ എല്ലാ ദിവസങ്ങളിലും അഖണ്ഡ ശ്രീരാമ നാമജപം കൊണ്ട് ധന്യമായ ഒരു ക്ഷേത്രം. കഴിഞ്ഞ 60 വർഷങ്ങളായി രാമനാമ ജപം മുടങ്ങിയിട്ടില്ല. ഈ സവിശേഷത കൊണ്ട് തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സവിശേഷ നേട്ടവും ഈ ക്ഷേത്രം സ്വന്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതിചെയ്യുന്ന ബാല ഹനുമാൻ ക്ഷേത്രം ആണ് ഈ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുള്ളത്. 1964 മുതൽ ഈ ക്ഷേത്രത്തിൽ നിർത്താതെ രാമ ജപം നടക്കുന്നുണ്ട്. 1964 ൽ പ്രേംഭിക്ഷു മഹാരാജ് ആണ് ഈ ബാല ഹനുമാൻ ക്ഷേത്രം സ്ഥാപിച്ചത്. ആ വർഷം ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ക്ഷേത്രത്തിൽ രാമനാമജപം മുടങ്ങാതെ നടന്നുവരുന്നു. ‘ശ്രീ റാം ജയ് റാം ജയ് ജയ് റാം’ എന്ന നാമജപമാണ് ക്ഷേത്രത്തിൽ മുഴുവൻ സമയവും അലയടിക്കുന്നത്. ഇത്തരത്തിൽ പതിറ്റാണ്ടുകളായി ഇടവേളകളില്ലാതെ പ്രാർത്ഥന നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം കൂടിയാണ് ജാംനഗറിലെ ബാല ഹനുമാൻ ക്ഷേത്രം.
ക്ഷേത്രത്തിന്റെ അന്തരീക്ഷത്തിൽ മുടങ്ങാതെ മുഴങ്ങി കേൾക്കുന്ന ശ്രീരാമ നാമ ജപം വലിയ പോസിറ്റീവ് എനർജിയാണ് ഈ ക്ഷേത്രത്തിനും ഭക്തർക്കും നൽകുന്നത്. ദിവസം മുഴുവൻ ഭക്തർക്കായി തുറന്നിരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിൽ രാവിലെ നടക്കുന്ന മംഗള ആരതിക്കും വൈകിട്ട് നടക്കുന്ന സന്ധ്യ ആരതിക്കും വലിയ ഭക്തജന തിരക്കായിരിക്കും ഉണ്ടായിരിക്കുക. ഒരിക്കലും മുടങ്ങാതെ പതിറ്റാണ്ടുകളായി മുഴങ്ങി കേൾക്കുന്ന ശ്രീരാമ ഭഗവാന്റെ നാമ മുഖരിതമായ അന്തരീക്ഷം തന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ബാലക രൂപത്തിലുള്ള ഹനുമാൻ സ്വാമിയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
ഗുജറാത്തിലെ ജാംനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ റാൻമൽ തടാകത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഈ പ്രസിദ്ധമായ ബാല ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ബാല ഹനുമാൻ സങ്കീർത്തന മന്ദിർ എന്നാണ് ക്ഷേത്രം ഔദ്യോഗികമായി അറിയപ്പെടുന്നത്. അതിശയകരമായ വാസ്തുവിദ്യയും നിരവധി കൊത്തുപണികളും കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ള ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിയെ കൂടാതെ ശ്രീരാമന്റെയും ലക്ഷ്മണന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
2001ൽ ഗുജറാത്തിനെ പിടിച്ചു കുലുക്കിയ വിനാശകരമായ ഭൂകമ്പം ഉണ്ടായ സമയത്ത് പോലും ക്ഷേത്രത്തിലെ ശ്രീരാമ നാമജപം തടസ്സപ്പെട്ടിട്ടില്ല എന്നുള്ളതാണ് ഈ ക്ഷേത്രത്തിലെ അഖണ്ട നാമജപത്തെ സവിശേഷമാക്കുന്നത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന രാമ ജപത്തിനായി നാല് പ്രധാന ഗായകരും നിരവധി സഹ ഗായകരും ക്ഷേത്രത്തിലുണ്ട്. ഇവർ തങ്ങളുടെ ഊഴം അനുസരിച്ച് ദിവസം മുഴുവൻ രാമനാമം ജപിക്കുന്നു. പ്രകൃതിദുരന്തങ്ങളിൽ നിന്നടക്കം തങ്ങളെ രക്ഷിക്കുന്നത് ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുന്ന ഈ അഖണ്ഡ നാമജപമാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. ഇപ്പോൾ ക്ഷേത്രത്തിന്റെ പ്രസിദ്ധി കേട്ടറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്നു പോലും തീർത്ഥാടകർ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്.
Discussion about this post