സാധാരണ സദ്യകളിൽ സാമ്പാറിനാണ് മെയിൻ റോൾ എങ്കിൽ വിഷു സദ്യയിൽ കേരളത്തിന്റെ തനത് വിഭവമായ മാമ്പഴ പുളിശ്ശേരിക്കാണ് പ്രധാന സ്ഥാനം. കേരളത്തിലെ പല മേഖലകളിലും വിഷു സദ്യയിൽ സാധാരണ രീതിയിൽ സാമ്പാറിന് പകരം പുളിശ്ശേരി ആണ് ഉണ്ടായിരിക്കുക. ഏപ്രിൽ മാസം മാമ്പഴങ്ങളുടെ സീസൺ കൂടി ആയതിനാൽ വിഷു സദ്യക്കുള്ള മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ധാരാളം മാമ്പഴങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് തന്നെ ലഭ്യമാകുന്നതാണ്. അപ്പോൾ ഇത്തവണ വിഷുവിന് ഒരു തനി നാടൻ മാമ്പഴ പുളിശ്ശേരി ആയാലോ?
കേരളത്തിന്റെ സ്വന്തം പരമ്പരാഗത വിഭവമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ചന്ദ്രക്കാരൻ മാങ്ങ എന്നറിയപ്പെടുന്ന നാട്ടുമാങ്ങയാണ് ഉപയോഗിക്കാറുള്ളത്. പണ്ടെല്ലാം ഓരോ വീടുകളിലും ഒരു ചന്ദ്രക്കാരൻ മാവ് എങ്കിലും ഉണ്ടായിരുന്നു. അവധിക്കാലങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന വിനോദം തന്നെ പടർന്നു തൊടിയിലേക്ക് വീഴുന്ന ഈ മാങ്ങകൾ പെറുക്കിയെടുക്കലാണ്. പുതിയകാലത്ത് പലയിടത്തു നിന്നും ഈ മാവുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും പുതിയ തലമുറ വിഷമിക്കേണ്ട, ഇപ്പോൾ വിപണിയിലും ഈ മാങ്ങാ ധാരാളമായി ലഭ്യമാകുന്നതാണ്.
മാമ്പഴ പുളിശ്ശേരിക്കുള്ള ചേരുവകൾ :
നാടൻ മാമ്പഴം 5 എണ്ണം
പച്ചമുളക് 5 എണ്ണം
മുളക് പൊടി കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
തൈര് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ശർക്കര ഒരു അച്ച്
വെളിച്ചെണ്ണ / നെയ്യ് 2 ടീസ്പൂൺ
വറ്റല്‍മുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
തേങ്ങ അരമുറി ചിരകിയത്
ജീരകം കാൽ ടീസ്പൂൺ
വിഷു സദ്യക്കുള്ള നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതിനായി തൊലി കളഞ്ഞെടുത്ത മാങ്ങകൾ ആവശ്യത്തിനുള്ള ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, പച്ചമുളക് അല്പം വെള്ളം എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാങ്ങ വെന്തു കഴിയുമ്പോൾ ഈ കൂട്ടിലേക്ക് ഒരു ശർക്കര പാനിയാക്കിയത് ചേർത്തു കൊടുക്കുക. ഇത് തിളച്ചു കുറുകി വരുമ്പോൾ തേങ്ങയിൽ ജീരകവും ചേർത്ത് അരച്ച് ഈ മാങ്ങയിലേക്ക് ചേർക്കേണ്ടതാണ്. ഈ അരപ്പ് ചെറുതായി ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള തൈര് ചേർത്ത് ഇളക്കുക. തുടർന്ന് വെളിച്ചെണ്ണയിലോ നെയ്യിലോ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഈ കറിയിലേക്ക് ചേർക്കുക. ഇതോടെ വിഷു സദ്യക്കുള്ള തനി നാടൻ മാമ്പഴ പുളിശ്ശേരി തയ്യാർ.
Discussion about this post