മാർക്കോ പോലെ കാട്ടാളനും ചോരക്കളിയാകുമോ… ? മാർക്കോയ്ക്ക് ശേഷം വയലൻസ് ആക്ഷൻ ചിത്രവുമായി വീണ്ടും എത്തിയിരിക്കുകയാണ് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് . ആൻറണി പെപ്പെ നായകനാകുന്ന കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെ സിനിമയിലെ വയലൻസ് വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ അതിന് മറുപടി നൽകിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമാതാവ് ഷെരീഫ് മുഹമ്മദ്.
കാട്ടാളൻ ആക്ഷൻ ത്രില്ലർ സിനിമയാണ്. എല്ലാവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാൻ കഴിയും. കഥയുടെ ഗൗരവം നിലനിർത്തുന്നതിനും ആക്ഷൻ ത്രില്ലർ സിനിമയുടെ സ്വഭാവത്തിലേക്ക് പരിണാമപ്പെടുത്തുന്നതിനു വേണ്ടി മാത്രം അനുയോജ്യമായ ദൃശ്യങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്. സാമൂഹിക പ്രിതബദ്ധത മാനിച്ച് ഇനി നിർമിക്കുന്ന സിനിമകളിൽ വയലൻസ് രംഗങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നതാണെന്നും നിർമാതാവ് പറഞ്ഞു. കാട്ടാളൻ എന്ന സിനിമയിലും വേണ്ട മാറ്റങ്ങൾ വരുത്താൻ അതിൻറെ സംവിധായകനോടും എഴുത്തുകാരനോടും നിർദേശങ്ങൾ കൊടുത്തു കഴിഞ്ഞുവെന്നും സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.
നമ്മൾ കണ്ടിട്ടുള്ള അനേകം വയലൻറ് സിനിമകളിൽ ഒന്നുമാത്രമാണ് മാർക്കോ. സമീപകാലത്ത് ഇറയങ്ങിതുകൊണ്ടാണ് ചർച്ചാ വിഷയമാക്കുന്നതെന്നും നിർമാതാവ് പറഞ്ഞു. സിനിമയിൽ കാണിച്ചിരിക്കുന്ന വയലൻസും രംഗവുമെല്ലാം കഥയിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയെ യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്കു കൊണ്ടുവരുന്നത് തെറ്റായ പ്രവണതയാണ്. സിനിമയെ സിനിമയായി മാത്രം കാണാൻ ഉള്ള അറിവും ബോധവും നമുക്ക് എല്ലാവർക്കും ഉണ്ട് എന്ന വിശ്വാസത്തിലാണ് സിനിമ നിർമിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോൾ ജോർജിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാട്ടാളൻ. ആളിക്കത്തുന്ന തീയ്ക്ക് മുന്നിൽ താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനക്കൊമ്പുകൾക്കും ഇടയിൽ മഴുവേന്തി നിൽക്കുന്ന നായകനെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത്.
കാടിൻറെ ഇരുട്ടിൽ ദയയില്ലാത്തവർ മാത്രമേ ജീവിക്കൂ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഈ ചിത്രത്തിലും മാർക്കോയിലേത് പോലെ വയലൻസ് ഉണ്ടാവുമോയെന്ന് പ്രേക്ഷകർ സംശയിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക ചർച്ചകളും ഉയർന്നു.
Discussion about this post