ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മനം കുളിർപ്പിക്കുന്ന ഒരു വാർത്തയാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കേദാർനാഥ് ഉൾപ്പടെയുള്ള റോപ്പ്‌വേ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദേശീയ റോപ്പ് വേ വികസന പദ്ധതിയായ പർവ്വത്‌മാല പരിയോജനയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരാഖണ്ഡിൽ പുതിയ രണ്ട് റോപ് വേകൾ നിർമ്മിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 6,800 കോടി രൂപ ചിലവിലാണ് ഈ രണ്ട് റോപ്പ് വേ പദ്ധതികൾ പൂർത്തീകരിക്കുന്നത്.
ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലേക്കുള്ള 12.9 കിലോമീറ്റർ റോപ്പ്‌വേ പദ്ധതി ആണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ഒന്ന്. 4,081 കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവഴിക്കുന്നത്. സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കുള്ള യാത്രയ്ക്ക് നിലവിൽ 9 മണിക്കൂർ സമയമാണ് എടുക്കുന്നത്. കാൽനടയായോ കുതിരവണ്ടികളിലോ പല്ലക്കുകളിലോ കുതിരപ്പുറത്ത് ഏറിയോ ആണ് തീർത്ഥാടകർ 21 കിലോമീറ്ററോളം ദൈർഘ്യമുള്ള തീർത്ഥയാത്ര പൂർത്തിയാക്കാറുള്ളത്. എന്നാൽ പുതിയ റോപ്പ് വേ പദ്ധതി പൂർത്തീകരിക്കുന്നതോടെ 9 മണിക്കൂർ നീണ്ട യാത്ര സമയം വെറും 36 മിനിറ്റ് ആയി കുറയുന്നതാണ്.
36 പേർക്ക് വീതം സഞ്ചരിക്കാൻ ശേഷിയുള്ള ഗണ്ടോളകൾ ഉള്ള റോപ്പ് വേ ആണ് കേന്ദ്രസർക്കാർ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ട്രൈക്കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയാണ് റോപ്പ് വേ പദ്ധതിക്കായി സർക്കാർ സ്വീകരിക്കുന്നത്. മണിക്കൂറിൽ 1,100 യാത്രക്കാരെ വീതം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ഒരു ദിവസം 11,000 യാത്രക്കാർക്ക് വരെ റോപ്പ് വേ വഴി സഞ്ചരിക്കാനാകും. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളുടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും മേഖലയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് കേന്ദ്രസർക്കാരിന്റെ ഈ റോപ്പ് വേ പദ്ധതി. പദ്ധതിയുടെ നിർമ്മാണത്തിനായി ഓസ്ട്രിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായവും സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രുദ്രപ്രയാഗ് ജില്ലയിൽ 11,968 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 12 പുണ്യ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാർനാഥ്. ഏപ്രിൽ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് കേദാർനാഥ് ക്ഷേത്രത്തിലെ തീർത്ഥാടന കാലം. ഓരോ വർഷവും ഈ സീസണിൽ 20 ലക്ഷത്തോളം തീർത്ഥാടകരാണ് അതികഠിനമായ യാത്ര നടത്തി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ എത്താറുള്ളത്. ഗൗരികുണ്ഡിൽ നിന്ന് 16 കിലോമീറ്റർ കയറ്റം കയറി വേണം ക്ഷേത്രത്തിലേക്ക് എത്താൻ എന്നുള്ളത് ഈ തീർത്ഥയാത്രയെ കൂടുതൽ ദുഷ്കരമാക്കുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ പുതിയ പദ്ധതി വഴി തീർത്ഥാടകർക്ക് വെറും 36 മിനിറ്റ് കൊണ്ട് ക്ഷേത്രത്തിൽ എത്താൻ കഴിയും. കൂടാതെ സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും മികച്ച കണക്റ്റിവിറ്റിയും ഈ പദ്ധതി ഉറപ്പാക്കുന്നതാണ്.
കേദാർനാഥിലേക്ക് കൂടാതെ ഹേമകുണ്ഡ് സാഹിബ് ജി ഗുരുദ്വാരയിലേക്കാണ് മറ്റൊരു റോപ്പ് വേ നിർമ്മിക്കുന്നത്. ഗോവിന്ദ്ഘട്ട് മുതൽ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള 12.4 കിലോമീറ്റർ ദൈർഘ്യമുള്ള ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതിക്ക് 2,730 കോടി രൂപയാണ് കേന്ദ്രസർക്കാർ ചിലവഴിക്കുന്നത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രമാണ് ഹേമകുണ്ഡ് സാഹിബ് ജി ഗുരുദ്വാര. ഗുരു ഗോബിന്ദ് സിംഗിന്റെയും ലക്ഷ്മീരൻ ഭഗവാന്റെയും ധ്യാനസ്ഥലം എന്നാണ് ഇത് അറിയപ്പെടുന്നത്. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വർഷത്തിൽ ഏകദേശം 5 മാസമാണ് ഈ ഗുരുദ്വാര തുറന്നിരിക്കുക. വർഷംതോറും ഒന്നര ലക്ഷം മുതൽ 2 ലക്ഷം വരെ തീർത്ഥാടകർ ഈ ഗുരുദ്വാര സന്ദർശിക്കാറുണ്ട്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ ദേശീയോദ്യാനമായ ‘വാലി ഓഫ് ഫ്ലവേഴ്സ്’ വഴിയുള്ള ട്രക്കിംഗ് പാതയിലൂടെയാണ് നിലവിൽ ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്ക് തീർത്ഥാടകർ എത്താറുള്ളത്. ഋഷികേശ് – ബദരീനാഥ് ഹൈവേയിലെ ഗോവിന്ദഘട്ടിൽ നിന്നും ആരംഭിക്കുന്ന രീതിയിലാണ് ഹേമകുണ്ഡ് സാഹിബ് ജി ഗുരുദ്വാരയിലേക്ക് റോപ്പ് വേ നിർമ്മിക്കുന്നത്. കൂടുതൽ തീർത്ഥാടകരെ ഗുരുദ്വാരയിലേക്ക് ആകർഷിക്കാൻ ഈ റോപ്പ് വേ പദ്ധതി വലിയ സഹായകരമാകുന്നതായിരിക്കും.
Discussion about this post