എറണാകുളം: ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലിൽ സംഘടിപ്പിച്ച ക്രിട്ടിക്കൽ കെയർ ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഉൾപ്പെടെയുള്ള മാദ്ധ്യമ പ്രവർത്തകർ അവഹേളനം നേരിട്ടത്. പിന്നീട് അദ്ദേഹം ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
കൊച്ചിയിലെ മാദ്ധ്യമപ്രവർത്തകർക്ക് വളരെ മോശം അനുഭവമുണ്ടാവുകയും അവഹേളിക്കപെടുകയും ചെയ്ത സംഭവമാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഉണ്ടായതെന്ന് അദ്ദേഹം ക്രിട്ടിക്കൽ കെയർ ഡോക്റ്റർമാരുടെ സംമ്മേളനം നടക്കുകയായിരുന്നു അവിടെ. ഏകദേശം നാലായിരത്തോളം ഡോക്ടർമാർ പങ്കെടുക്കുന്നു എന്ന് സംഘാടകർ അവകാശപ്പെട്ട സമ്മേളനം. മരുന്ന് കമ്പനിക്കാർ സ്‌പോൺസർ ചെയ്യുന്ന സമ്മേളനം ആയത് കൊണ്ടുതന്നെ അത്യാഡംബരപൂർണമായിരുന്നു സമ്മേളന നടത്തിപ്പ്. (സ്വാഭാവികമായും വരും നാളുകളിൽ സ്‌പോൺസർ ചെയ്തെ മരുന്നു കമ്പനിയുടെ മരുന്ന് കൂടുതലായി എഴുതേണ്ടി വരുമല്ലോ).ഐഎസ്‌സിസിഎം ആയിരുന്നു സംഘാടകർ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഡോക്ടർമാരുടെ വാർത്താ സമ്മേളനം ഉണ്ടെന്ന പി ആർ ഏജൻസിയുടെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ അവിടെ എത്തിയത്. 15 പേരിൽ താഴെയെ ഉണ്ടായിരുന്നുള്ളു. 12 മണിക്ക് പ്രസ് മീറ്റ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12.15 ആയപ്പോഴാണ് ഞങ്ങൾ അവിടെ എത്തിയത്. അര മണിക്കൂർ കാത്തിരുന്നിട്ടും വാർത്താ സമ്മേളനം തുടങ്ങിയില്ല. ഞങ്ങൾ പുറത്ത് ബുഫേ ഭക്ഷണം അറേഞ്ച് ചെയ്തതിനടുത്ത് നിന്ന് ചായ കുടിച്ച് വർത്തമാനം പറഞ്ഞു നിന്നു. അവിടെ 3 ഭരണിയിൽ കുക്കീസ് ഇരിപ്പുണ്ടായിരുന്നു. അതും എടുത്ത്കഴിച്ച് തുടങ്ങിയപ്പോൾ ഹയാത്തിലെ ഫുഡ് സെർവിംഗ് ടീമിലുള്ള രണ്ട് പേർ വന്ന് ഭരണികൾ എടുത്ത് കൊണ്ട് പോയി. എന്നാൽ അവിടെ നിന്ന ഞങ്ങളോട് കഴിച്ച് കഴിഞ്ഞോ, അല്ലങ്കിൽ എടുത്തോട്ടെ, എന്നൊരു വാക്ക് പോലും അവർ ചോദിച്ചില്ല. അപ്പോൾ ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാൽ ക്യാമറയിൽ കൂടി ഞങ്ങൾ കഴിക്കുന്നത് കണ്ട മാനേജർ പിള്ളേരെ വിട്ട് ഭരണി എടുപ്പിച്ചതാണെന്ന സെൽഫ് ട്രോൾ ഇറക്കി ഞങ്ങൾ അത് തമാശയായി എടുക്കുകയും ചെയ്തു. എന്നാൽ പത്ര സമ്മേളനം അവസാനിച്ച് ഹാളിന് തൊട്ടു മുന്നിൽ അറേഞ്ച് ചെയ്തിരുന്ന ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തതും സംഘാടകയായ ഒരു വനിതാ ഡോക്ടർ വന്ന് ഇത് നിങ്ങൾക്കുള്ള ഭക്ഷണമല്ല, വി ഐപികൾക്കുള്ളതാണ്, നിങ്ങൾക്കുള്ള ഭക്ഷണം അപ്പുറത്തുണ്ട് എന്ന് ധാർഷ്ട്യത്തോടെ പറയുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കൂപ്പൺ കൊണ്ട് തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം നാണക്കേടും സങ്കടവുമൊക്കെ തോന്നി. നല്ല വിശപ്പും. ഉച്ചയ്ക്ക് 1.45 ആയിരുന്നു. എങ്കിലും ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ അപ്പുറത്തേക്ക് നീങ്ങിയെങ്കിലും തിരക്ക് കാരണം ഭക്ഷണ കൗണ്ടർ പോലും കാണാൻ കഴിയുമായിരുന്നില്ല. സമ്മേളന പ്രതിനിധികളെല്ലാം ഭക്ഷണം കഴിക്കുകയായിരുന്നു. അവിടെ നിന്നാൽ ഏറെ നേരം ക്യൂ നിൽക്കേണ്ടി വരും. പലർക്കും ഓഫീസിൽ ചെന്നിട്ട് മറ്റു ജോലികളുണ്ട്. ഞങ്ങളെ ക്ഷണിച്ച പി ആർ കാരോട് വിവരം പറഞ്ഞു. അവർ സംഘാടകരുമായി സംസാരിച്ച് പ്രസ് മീറ്റ് നടത്തിയ ഹാളിന് പുറത്തുള്ള ഭക്ഷണ കൗണ്ടറിൽ നിന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു. അങ്ങോട്ടേക്ക് കൊണ്ട് പോവുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തപ്പോൾ വീണ്ടും ആ സ്ത്രീ തടയുകയും ഗ്രാൻഡ് ഹയാത്തിലെ ഭക്ഷണ കൗണ്ടറിൽ ഉണ്ടായിരുന്ന മാനേജരോ മറ്റോ ആണെന്ന് തോന്നുന്നു, ഭക്ഷണം എടുത്തവരെ തടയുകയും ചിലരുടെ പ്‌ളേറ്റ് തിരികെ വാങ്ങി വയ്ക്കുകയും ചെയ്തു. ഇതു പോലെ ഒരവഹേളനം ഇതിന് മുൻപ് നേരിട്ടിട്ടില്ല. അപ്പോഴാണ് നേരത്തേ, കുക്കീസ് ഇരുന്ന ഭരണി എടുത്ത് കൊണ്ട് പോയതും സംഘാടകരുടെ നിർദേശപ്രകാരം ഞങ്ങൾ കഴിക്കാതിരിക്കാൻ വേണ്ടിയാണെന്ന് ബോധ്യപ്പെട്ടത്.
അന്നം ദൈവമാണ്. ആരോ എവിടെയോ ആയിക്കോട്ടെ, ഒരാൾ ഭക്ഷണം കഴിക്കാൻ പ്ലേറ്റെടുത്താൽ അത് തിരികെ വാങ്ങി വയ്ക്കുന്നത് മാന്യതയല്ല. അത്, ആരായാലും. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വകതിരിവ് കൂടി ഉണ്ടാകണം. നമ്മൾ കഴിച്ചില്ലങ്കിലും മറ്റൊരാളെയെങ്കിലും കഴിപ്പിക്കണം. ഒരാൾക്കും ഭക്ഷണം നിഷേധിക്കരുത്.
ഇത് ഡോക്ടർമാരും ഹയാത്തിലെ ഹോസ്പിറ്റാലിറ്റി ടീമും മനസിലാക്കണം. ഞങ്ങൾ ഒരാളും പിന്നെ അവിടെ ഭക്ഷണം കഴിക്കാൻ നിന്നില്ല. എല്ലാവരും ഇറങ്ങിപ്പോന്നു. അത്ര അവഹേളനപരമായിരുന്നു സംഘാടകരുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പ്രമുഖ മരുന്ന് കമ്പനിയായിരുന്നു സമ്മേളനത്തിന്റെ സ്‌പോപോൺസർ എന്നാണ് മനസിലാക്കുന്നത്. 1 കോടി രൂപയ്ക്ക് മേൽ അവർ ചെലവാക്കിയിട്ടുണ്ടാകും. ഇത്രയും പണം ചെലവഴിച്ച് നടത്തിയ പരിപാടിയിലാണ് ഈ അൽപത്തരം കാണിച്ചതെന്നും ജിബി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post