വ്യാളിയും ആനയും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനം. നാഷണൽ പീപ്പിൾസ് കോൺഗ്രസ് മീറ്റിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തിയ പരാമർശം ലോകം കേട്ടത് അൽപ്പം ഞെട്ടലോടെയായിരുന്നു. ചിരവൈരികളായ ഇന്ത്യയുമായി ചൈനയിപ്പോൾ സൗഹൃദം ആഗ്രഹിക്കുകയാണ്. എന്താണ് ഇതിന് പിന്നിൽ ?. ആഗോളക്രമം മാറുമ്പോൾ ചൈനീസ് വിദേശകാര്യമന്ത്രിയുടെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്.
കുറ്റവും കുറവും വകവയ്ക്കാതെ പരസ്പരം പിന്തുണയ്ക്കുക, സഹകരണം ശക്തിപ്പെടുത്തുക, മൗലിക താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ താത്പര്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ വാംഗ് യി തന്റെ സംസാരം ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങൾ തമ്മിൽ കൈ കോർക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ ജനാധിപത്യവത്കരണത്തിന് കാരണം ആകും. അത് മാത്രമല്ല ദക്ഷിണ ഭാഗത്തിന്റെ വികസനത്തിലേക്കും കരുത്തിലേക്കും ഇത് വഴിവയ്ക്കുമെന്നും വാംഗ് യി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേക്കുറിച്ചും വാംഗ് യി ഓർത്തെടുത്തു. അതിർത്തിയിലുണ്ടായ പ്രശ്‌നങ്ങളുമായി ചേർത്തുവച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ നിർവ്വചിക്കരുത്. ഇത്തരം തർക്കങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു വിള്ളലും ഉണ്ടാക്കുകയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്.
ചൈനയും ഇന്ത്യയുമായി അതിർത്തി സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്‌നത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ഗാൽവൻതാഴ് വരയിലെ ചൈനീസ് പ്രകോപനം ഇരുരാജ്യങ്ങൾക്കടിയിൽ ഉണ്ടാക്കിയത് നികത്താൻ കഴിയാത്ത വിള്ളലാണ്. അങ്ങനെയിരിക്കെ ഇപ്പോൾ ഇന്ത്യയോട് സ്‌നേഹം വഴിഞ്ഞൊഴിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ആണ് ഈ കാരണങ്ങളുടെയെല്ലാം അടിസ്ഥാനം.
ചൈനയുടെ ഉത്പന്നങ്ങൾക്ക് 10 മുതൽ 20 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ ചൈനയ്ക്ക് ഈ നിയന്ത്രണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചൈനയ്ക്ക് ട്രംപിന്റെ തീരുമാനം വലിയ തിരിച്ചടി ആയിരുന്നു. ഇതിന് ബദലായി അമേരിക്കയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾക്ക് ചൈനയും താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.
സിന്തറ്റിക് നാർക്കോട്ടിക് ആയ ഫെന്റനൈലിന്റെ കയറ്റുമതി നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിയുന്നില്ലെന്നാണ് താരിഫ് ഏർപ്പെടുത്തിയതിനോട് ട്രംപിന് പ്രതികരിക്കാനുള്ളത്. എന്നാൽ ഇത് ചൈന തള്ളി. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും താരിഫ് ആണെങ്കിലും വ്യാപാരം ആണെങ്കിലും അവസാനം വരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും ആയിരുന്നു മറുപടി.
ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. ഈ വിപണിയാണ് താരിഫ് വർദ്ധനവിലൂടെ ചൈനയ്ക്ക് നഷ്ടമാകാൻ പോകുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയുണ്ടാക്കുന്ന വിടവ് നികത്താൻ അമേരിക്ക ആശ്രയിക്കുക ഏറ്റവും അടുത്ത സുഹൃത്തായ ഇന്ത്യയെ ആയിരിക്കുമെന്നതിൽ തർക്കമില്ല. ഇത് ചൈനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാൻ ആദ്യം ഇന്ത്യയെ കൂട്ടുപിടിക്കലാണ് ബുദ്ധിയെന്ന ചൈനയുടെ ചിന്തയാണ് വിദേശകാര്യമന്ത്രിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്.
വ്യാപാരത്തിൽ മാത്രം ഒതുങ്ങുകയില്ല ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം. അതും കടന്ന് പ്രതിരോധം, ഊർജ്ജം, വിദേശനിക്ഷേപം തുടങ്ങി പല തലങ്ങളിലേക്ക് ഇത് വ്യാപിക്കും. ഇതിൽ പതിയിരിക്കുന്ന അപകടവും ചൈനയ്ക്ക് നന്നായി അറിയാം. അമേരിക്കയായി മാത്രമല്ല, പ്രധാനശക്തിയായ റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദം ഉണ്ട് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. അമേരിക്ക- ഇന്ത്യ- റഷ്യ എന്നീ സഖ്യം ഒന്നിച്ചാൽ അതും ചൈനയ്ക്ക് വെല്ലുവിളിയാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള ബന്ധം മാത്രമല്ല, ഇന്ത്യയുടെ വളർച്ചയെ തടയാനുള്ള നീക്കം കൂടിയാണ് ചൈനയുടേത്.
ഒരിക്കൽ മൂന്നാംലോക രാജ്യമായി കണക്കാക്കിയിരുന്ന ഇന്ത്യയുടെ മുഖച്ഛായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോട് കൂടി പാടെ മാറി. ആഗോളവേദികളിൽ ഇന്ത്യയ്ക്ക് പ്രത്യേകസ്ഥാനമാണ് ഇന്നുള്ളത്. ലോകത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായക ശക്തിയായി ഇന്ത്യ മാറിയിട്ടുണ്ട്. ഇത് ചൈന കൂടി അംഗീകരിക്കുകയാണ് ഇപ്പോൾ എന്ന് വേണം മനസിലാക്കാൻ.
അതേസമയം ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇത് ചൈനയിൽ അൽപ്പം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മനസിൽ കണ്ടുകൊണ്ട് കൂടിയാണ് ചൈനയുടെ പ്രതികരണം. എന്നിരുന്നാലും ഇന്ത്യ ഇക്കാര്യത്തിൽ ചൈനയുമായി കൈകോർക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് നിരീക്ഷകർ പറയുന്നത്. നിലവിലെ വ്യാപാര യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകം ആണെന്ന് വേണം എന്ന് വേണം മനസിലാക്കാൻ.
Discussion about this post