ഈ വർഷം ജനുവരിയിലാണ് ഇന്ത്യയുടെ സ്വന്തം ഭാരത്പോൾ പോർട്ടലിന് തുടക്കമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ച ഭാരത്പോൾ പോർട്ടൽ യഥാർത്ഥത്തിൽ എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. രാജ്യത്തിന്റെ അന്താരാഷ്ട്ര അന്വേഷണങ്ങളിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച കേന്ദ്രസർക്കാരിന്റെ ദൗത്യമാണ് ‘ഭാരത് പോൾ’. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്ത് പോയി രക്ഷപ്പെട്ട് കഴിയാം എന്ന് വിചാരിക്കുന്നവർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് കേന്ദ്രസർക്കാരിന്റെ ഭാരത് പോൾ പോർട്ടൽ.
ഇന്റർപോൾ എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതായിരിക്കും. ലോകത്തെ 195 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ ഒരു പോലീസ് സംഘടനയാണ് ഇന്റർപോൾ. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിലൂടെയും അവരെ പിടികൂടുന്നതിനായി അന്താരാഷ്ട്ര നോട്ടീസുകൾ പുറപ്പെടുവിച്ചും ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി ഇത് പ്രവർത്തിക്കുന്നു. ഇന്ത്യയുടെ അന്വേഷണ ഏജൻസിയായ സിബിഐ ഇന്റർ പോളിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനായി ഇന്റർപോളിൽ സിബിഐ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
ഇന്റർപോളിന്റെ മാതൃകയിൽ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭാരത്പോൾ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇന്റർപോൾ വഴി അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഭാരത്പോൾ പോർട്ടൽ. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ഒളിച്ചോടിയവർക്കെതിരെ ‘റെഡ്’ നോട്ടീസും മറ്റ് കളർ കോഡ് നോട്ടീസുകളും പുറപ്പെടുവിക്കുന്നതിനുള്ള അഭ്യർത്ഥനകൾ ഇനി ഈ പോർട്ടൽ വഴി എളുപ്പത്തിൽ നടക്കുന്നതായിരിക്കും. എല്ലാ ഇന്ത്യൻ ഏജൻസികൾക്കും എല്ലാ സംസ്ഥാനങ്ങളിലെ പോലീസിനും ഇന്റർപോളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഭാരത്പോൾ പോർട്ടൽ വഴി സാധിക്കുന്നതാണ്.
കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികൾക്കും സംസ്ഥാന പോലീസിനും ഇടയിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും ഭാരത്പോൾ സഹായകരമാകുന്നതാണ്. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കീഴിലാണ് ഭാരത്പോൾ വരുന്നത്. എന്നാൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിനെയും എൻഐഎ, ഇഡി എന്നിവയുൾപ്പെടെയുള്ള എല്ലാ അന്വേഷണ ഏജൻസികളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് സംസ്ഥാന പോലീസ് ആദ്യം സിബിഐയോട് അഭ്യർത്ഥിക്കേണ്ടതുണ്ട്. ഇതിനുശേഷം, സിബിഐ ഇന്റർപോളുമായി സംസാരിക്കുന്നു, അതിനുശേഷം മാത്രമേ ഇന്റർ പോൾ നോട്ടീസ് പുറപ്പെടുവിക്കുകയുള്ളൂ. ഈ പ്രക്രിയ അന്വേഷണത്തിൽ ഏറെ സമയനഷ്ടം സൃഷ്ടിക്കുന്നതാണ്. ഈ സമയനഷ്ടം ഒഴിവാക്കാനും ഇന്റർ പോളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഭാരത്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഭാരത്പോൾ വഴി, സംസ്ഥാന പോലീസിനും അനുബന്ധ അന്വേഷണ ഏജൻസികൾക്കും പോർട്ടലിലൂടെ നേരിട്ട് ഇന്റർപോളിനോട് അഭ്യർത്ഥനകൾ നടത്താൻ കഴിയും. കൂടാതെ ഇന്റർപോൾ തങ്ങളുടെ അപേക്ഷകളിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നേരിട്ട് തന്നെ ട്രാക്ക് ചെയ്യാനും ഇന്ത്യൻ അന്വേഷണ ഏജൻസികളെ ഭാരത്പോൾ പോർട്ടൽ സഹായിക്കും. കൂടാതെ ഏതെങ്കിലും കുറ്റവാളിയെക്കുറിച്ച് പോലീസിന് എന്തെങ്കിലും വിവരം ആവശ്യമുണ്ടെങ്കിൽ, ഭാരത്പോൾ വഴി പോലീസിന് ഇന്റർപോളുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയും. ഇന്റർപോൾ ഈ ആവശ്യം അംഗീകരിച്ചാൽ, രാജ്യം വിട്ട കുറ്റവാളിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുന്നതും എളുപ്പത്തിൽ നടക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇനി ഇന്ത്യയിൽ നിന്നും മുങ്ങി വിദേശത്ത് പോയി പോലീസിനെ കബളിപ്പിക്കാമെന്നുള്ള വ്യാമോഹം ആർക്കും വേണ്ട എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
Discussion about this post