ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ഒരു വ്യാഴവട്ടത്തിനു ശേഷം മുത്തമിട്ട് ഭാരതം. ആവേശകരമായ ഫൈനലിൽ ന്യൂസ്‌ലൻഡിനെ നാലു വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ന്യൂസ്‌ലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ക്യാപ്ടൻ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയും മദ്ധ്യനിര ബാറ്റർമാരുടെ പിന്തുണയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കീവീസ് നിശ്ചിത അൻപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. ഇന്ത്യൻ സ്പിന്നർമാരുടെ കണിശതയാർന്ന ബൗളിംഗിനു മുന്നിൽ പരുങ്ങിയ കീവീസിനെ 63 റൺസെടുത്ത ഡാരിൽ മിച്ചലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 40 പന്തുകളിൽ 53 റൺസ് നേടിയ മൈക്കൽ ബ്രേസ്‌വെല്ലുമാണ് ഭേദപ്പെട്ട സ്കോർ നേടാൻ സഹായിച്ചത്. ഗ്ലെൻ ഫിലിപ്സ് 34 റൺസും രചിൻ രവീന്ദ്ര 37 റൺസും നേടി. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ നേടി. റൺ കൊടുക്കുന്നതിൽ പിശുക്ക് കാണിച്ച രവീന്ദ്ര ജഡേജ 10 ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്‌മാൻ ഗില്ലും വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ആദ്യവിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയ ഇരുവരും ചേർന്ന് അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ ഗ്ലെൻ ഫിലിപ്സ് ശുഭ്മാൻ ഗില്ലിനെ മടക്കി. മിച്ചൽ സാന്റനറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ വിരാട് കോഹ്‌ലി വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. രണ്ടു വശത്ത് നിന്നും സ്പിന്നർമാർ ആക്രമണം തുടങ്ങിയതോടെ റൺ നിരക്ക് താഴ്ന്നു. സ്കോർ 122 ൽ നിൽക്കെ ക്രീസിൽ നിന്ന് ചാടിയിറങ്ങിയ രോഹിത് ശർമ്മക്ക് പിഴച്ചു. രചിൻ രവീന്ദ്രയുടെ പന്തിൽ കീപ്പർ ടോം ലാതം സ്റ്റമ്പ് ചെയ്ത് ഇന്ത്യൻ ക്യാപ്ടൻ പുറത്തായി. സ്കോർ 3 ന് 122.
നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ശ്രേയസ് അയ്യരും അക്സർ പട്ടേലും 61 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ കളിയിൽ പിടി മുറുക്കി. സാന്റ്നറുടെ പന്ത് സ്ക്വയർ ലെഗ്ഗിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച അയ്യർ രചിൻ രവീന്ദ്രയുടെ മികച്ച ക്യാച്ചിൽ പുറത്തായി. കെ. എൽ രാഹുലും അക്സർ പട്ടേലും തമ്മിലുള്ള കൂട്ടുകെട്ടും അധികം നീണ്ടു നിന്നില്ല. സ്കോർ 203 ൽ നിൽക്കെ ബ്രേസ് വെല്ലിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച അക്സറിനെ ലോംഗോഫിൽ റൂർക്കി കയ്യിലൊതുക്കി. ഒരറ്റത്ത് രാഹുൽ റൺ നിരക്ക് താഴാതെ നിലനിർത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ ആക്രമിച്ച് കളിക്കാനായിരുന്നു ശ്രമിച്ചത്. വിജയത്തിന് 11 റൺസ് അകലെ വെച്ച് ജാമിസണെ ഹുക്ക് ചെയ്യാൻ ശ്രമിച്ച ഹാർദിക് പുറത്തായി. 18 പന്തിൽ ഒരു ഫോറും ഒരു സിക്സറും ഉൾപ്പെടെ 18 റൺസായിരുന്നു ഹാർദികിന്റെ സമ്പാദ്യം. രവീന്ദ്ര ജഡേജയും കെ.എൽ രാഹുലും ചേർന്ന് ഒരു ഓവർ ബാക്കി നിൽക്കെ ചടങ്ങ് പൂർത്തിയാക്കി. ഓ റൂർക്കിയുടെ പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക് പുൾ ചെയ്തായിരുന്നു ജഡേജ ഇന്ത്യക്ക് വേണ്ടി വിജയ റൺ നേടിയത്. 33 പന്തിൽ 34 റൺസുമായി കെ.എൽ രാഹുൽ പുറത്താകാതെ നിന്നു.
പ്ലെയർ ഓഫ് ദ മാച്ചായി രോഹിത് ശർമ്മയും പ്ലെയർ ഓഫ് ദ ടൂർണമെന്റായി ന്യൂസ്‌ലൻഡിന്റെ രചിൻ രവീന്ദ്രയും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post