പരിഹാസ ചിരികൾക്കിടെ ഹൃദയത്തിൽ അപമാന ഭാരവും താങ്ങി ആ ചെറുപ്പക്കാരൻ നടന്നു. കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ മറയ്ക്കാൻ അവൻ പെടാപാട് പെടുന്നുണ്ടായിരുന്നു. ‘നീ ആരാ കളക്ടറാണോ എന്ന ചോദ്യം ആ യുവാവിന്റെ മനസിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല. മനസിൽ ചാട്ടുളി പോലെ തറച്ച വാക്കുകൾ ആ യുവാവിന്റെ ജീവിതം മാറ്റിമറിച്ചു. ഇൻസൾട്ടിനെ ഇൻവെസ്റ്റ്‌മെന്റ് ആക്കിയ ഹേമന്ത് തന്റെ കഠിനാധ്വാനം കൊണ്ട് കൈപ്പിടിയിൽ ഒതുക്കിയത് ഐഎഎസ് എന്ന മോഹം.
ദുരിത പൂർണം ആയിരുന്നു ഹേമന്തിന്റെ ജീവിതം. കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ വരുമാനത്തിൽ ആയിരുന്നു ഹേമന്തും കുടുംബവും കഴിഞ്ഞിരുന്നത്. വിവിധ കോൺട്രാക്ടർമാരുടെ കീഴിൽ കേവലം 200 രൂപയ്ക്ക് ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു മാതാവിന്. എന്നാൽ പലപ്പോഴും ഈ തുക പൂർണമായി അമ്മയ്ക്ക് ലഭിച്ചിരുന്നില്ല. നൂറോ നൂറ്റമ്പതോ രൂപ മാത്രമാണ് പലപ്പോഴും കോൺട്രാക്ടർമാർ അമ്മയ്ക്ക് നൽകാറുണ്ടായിരുന്നത്.
ഈ തുക കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നതോടെ ഹേമന്ത് കോൺട്രാക്ടർമാരെ ചോദ്യം ചെയ്യുകയായിരുന്നു. 200 രൂപ തികച്ച് നൽകണമെന്ന് ഹേമന്ത് അവരോട് പറഞ്ഞു. എന്നാൽ ഇതിന് മറുപടി പരിഹാസം ആയിരുന്നു. ഞങ്ങളെ ചോദ്യം ചെയ്യാൻ നീ ആരാ കളക്ടറാണോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഇതിന് നൽകാൻ ഹേമന്തിന്റെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല. അപമാനിതനായ യുവാവ് അവിടെ നിന്നും അപമാനം പേറിയ മനസുമായി തിരികെ നടന്നു.
നേരെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ ഹേമന്ത് അവിടെ നിന്നും ഐഎഎസ് എന്ന സ്വപ്‌നവുമായി ഡൽഹിയിലേക്ക് ട്രെയിൻ കയറി. 1400 രൂപ മാത്രം പോക്കറ്റിലിട്ടുകൊണ്ടായിരുന്നു ആ യാത്ര. ഡൽഹിയിൽ എത്തിയ ഹേമന്തിന്റെ കഥയറിഞ്ഞ ചിലർ പഠനത്തിനായുള്ള സഹായം നൽകി. ഐഎഎസ് എത്തിപ്പിടിക്കാനാകാത്ത സ്വപ്‌നമാണെന്ന് ചിലർ ഓർമ്മിപ്പിച്ചു. എന്നാൽ ഇതൊന്നും ആ ഉത്സാഹിയെ പിന്നോട്ട് വലിച്ചില്ല. പരിഹാസത്തിന്റെ ഉമിത്തീയിൽ സ്വന്തം സ്വപ്‌നം ഉരുക്കിയെടുത്തു. രാവും പകലും കഷ്ടപ്പെട്ട് പഠിച്ചു, പരീക്ഷയെഴുതി.
2023 ഏപ്രിൽ 16 ന് ഹേമന്ത് എഴുതിയ യുപിഎസി പരീക്ഷയുടെ ഫലം വന്നു. ഓൾ ഇന്ത്യ റാങ്കിൽ സ്ഥാനം 884. എഴുത്ത് പരീക്ഷയിൽ 729 മാർക്കും, പേഴ്‌സണാലിറ്റി ടെസ്റ്റിൽ 120, അങ്ങനെ 912 മാർക്കായിരുന്നു ഹേമന്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. ഇതോടെ പരിഹസിച്ചവർ കൂട്ടാമയെത്തി അഭിനന്ദിച്ചു. അങ്ങനെ നീ ആരാണ് കളക്ടറോ എന്ന ചോദ്യത്തിന്, അതെ എന്ന മറുപടിയുമായി ഹേമന്ത് പരിഹസിച്ചവർക്ക് മുൻപിൽ എത്തി.
തന്റെ എക്‌സ് അക്കൗണ്ട് വഴി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഹേമന്ത് ഐഎസിന്റെ കഥ പങ്കുവച്ചത്.
നിങ്ങളെ ആരെങ്കിലും അപമാനിച്ചാൽ, അവരോട് തർക്കിച്ചോ, തിരികെ പരിഹസിച്ചോ വിലയേറിയ സമയം പാഴാക്കരുത് എന്ന സന്ദേശമാണ് ആനന്ദ് മഹീന്ദ്ര ഹേമന്തിന്റെ ജീവിതത്തിലൂടെ പകരുന്നത്. ആ സമയം മുന്നോട്ട് പോകുന്നതിനായി ഉപയോഗിക്കണം. നിങ്ങളുടെ വിമർശകർ തെറ്റാണെന്ന് തെളിയിക്കുന്നത് എല്ലായ്‌പ്പോഴും സംതൃപ്തി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇതേ അഭിപ്രായമാണ് ഹേമന്തിന്റെ കഥയറിഞ്ഞ സോഷ്യൽ മീഡിയയ്ക്കും പറയാനുള്ളത്. ഇന്ന് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ പരിശീലനം തേടുകയാണ് ഹേമന്ത്.
Discussion about this post